
തിരുവനന്തപുരം:അഡ്വ. സണ്ണി ജോസഫ് എംഎല്‍എ കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗം 22ന് നടക്കും. യോഗത്തില്‍ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.
നേരത്തെ യോഗം തിങ്കളാഴ്ച നടത്താനായിരുന്നു ധാരണ. എന്നാല്‍ ഇതില്‍ മാറ്റം വരികയും യോഗം 22ന് രാവിലെ 10ലേക്ക് മാറ്റുകയുമായിരുന്നു.
നിലവിലെ കെപിസിസി ഭാരവാഹികളില്‍ മാറ്റം വരുത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം നിലനില്‍ക്കവേയാണ് നിലവിലെ ഭാരവാഹികളുടെ യോഗം പുതുതായി ചുമതലയേറ്റ കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.
സണ്ണി ജോസഫ് അധ്യക്ഷ ചുമതലയേറ്റെടുത്തതിന് പിന്നാലെ മറ്റ് സ്ഥാനങ്ങളിലേക്കുള്ള അഴിച്ചുപണിക്കൊരുങ്ങുകയാണ് കെപിസിസി നേതൃത്വമെന്നാണ് റിപ്പോര്‍ട്ട്. പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുകയാകും പുതിയ നേതൃത്വത്തിന്റെ പ്രഥമ ലക്ഷ്യം.
ഇതിനായി വൈസ് പ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും തീരുമാനിക്കേണ്ടതുണ്ട്. ഇത് ഉടന്‍ ഉണ്ടാകും. യുവജനങ്ങളിലേക്ക് കൂടുതല്‍ എത്തിപ്പെടാനും ചടുലതയോടെ പ്രവര്‍ത്തിക്കാനുമായി യുവാക്കളുടെ പ്രാതിനിധ്യം കൂട്ടാന്‍ ധാരണയായിട്ടുണ്ട്. സണ്ണി ജോസഫ് അധ്യക്ഷനായതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ കെ സി വേണുഗോപാലും പുനഃസംഘടന ഉണ്ടാകുമെന്ന സൂചന നല്‍കിയിട്ടുണ്ട്.
Content Highlights: The first KPCC leadership meeting after Sunny Joseph became president is on the 22nd