
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുതിയ സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തം നിയന്ത്രണവിധേയം. തീ നിയന്ത്രണവിധേയമായെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ എം അഷ്‌റഫ് അലി അറിയിച്ചു. തീപ്പിടുത്തമുണ്ടായി അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുള്‍പ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.
രാത്രി ഒന്‍പതുമണിയോടെ ജെസിബി കൊണ്ടുവന്ന് ചില്ലുകള്‍ പൊട്ടിച്ച് വെളളം ശക്തിയായി അടിച്ചതോടെയാണ് തീ നിയന്ത്രണവിധേയമായത്. പ്രാഥമിക അന്വേഷണത്തില്‍ കെട്ടിടത്തില്‍ സുരക്ഷാസംവിധാനങ്ങളുണ്ടായിരുന്നില്ല എന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ടുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയില്‍ തീപ്പിടുത്തമുണ്ടായത്. കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിച്ചു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരം മുഴുവന്‍ കറുത്ത പുക പടർന്നു. നഗരത്തില്‍ ഗതാഗതക്കുരുക്കും ഉണ്ടായി. അതേസമയം, തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് നിലവിലെ വിവരം.
Content Highlights: kozhikkode new busstand fire breakout under control