Top

കെമിസ്ട്രി മൂല്യനിർണ്ണയത്തിനായി പുതിയ ഉത്തര സൂചിക; അർഹതപ്പെട്ട അര മാർക്ക് പോലും വിദ്യാർത്ഥികൾക്ക് നഷ്ടമാകില്ലെന്ന് മന്ത്രി

പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം മെയ് നാലിന് പുനഃരാരംഭിക്കും

2 May 2022 11:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെമിസ്ട്രി മൂല്യനിർണ്ണയത്തിനായി പുതിയ ഉത്തര സൂചിക; അർഹതപ്പെട്ട അര മാർക്ക് പോലും വിദ്യാർത്ഥികൾക്ക് നഷ്ടമാകില്ലെന്ന് മന്ത്രി
X

തിരുവനന്തപുരം: ഹയർ സെക്കണ്ടറി കെമിസിട്രി മൂല്യനിർണ്ണയത്തിനായി പുതിയ ഉത്തര സൂചിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പുതുക്കിയ ഉത്തരസൂചിക പ്രകാരം കെമിസ്ട്രി പരീക്ഷാ മൂല്യനിർണയം മെയ് നാലിന് പുനഃരാരംഭിക്കും. നിലവിലെ ഉത്തര സൂചിക പുനഃപരിശോധിക്കാൻ 15 അംഗ സമിതി നിയോഗിച്ചു. സമിതി നാളെ യോഗം ചേരും. സമിതിയിൽ മൂന്ന് പേർ ഗവേഷണ ബിരുദമുള്ള കോളേജ് അധ്യാപകർ ആണ്. അതേസമയം വിഷയത്തിൽ അധ്യാപക സംഘടനകളെ മന്ത്രി വിമശിച്ചു. മൂല്യനിർണയ ബഹിഷ്കരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് മന്ത്രി നിർദേശവും നൽകിയിട്ടുണ്ട്.

വിഷയത്തിൽ വിദ്യാർത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘർഷവുമാണ് സർക്കാർ ഗൗരവമായി കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെമിസ്ട്രി ഉത്തര സൂചിക പുനഃപരിശോധിച്ച് തയ്യാറാക്കി നൽകുന്നതിനായി സമിതിയെ നിയോഗിക്കുന്നത്. മൂല്യനിർണയം നടന്ന ഉത്തരക്കടലാസുകൾ ഒന്നുകൂടി പരിശോധിക്കും. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.

'ചില അധ്യാപക സംഘടനകൾ സർക്കാർ വിരുദ്ധ സമീപനം സ്വീകരിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആശങ്ക ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് ഇവർ നടത്തുന്നത്. ഇത് പരീക്ഷാ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ്. പരീക്ഷ സംബന്ധിച്ചുളള വിവരങ്ങൾ അധ്യാപകർ പുറത്തുവിടുകയാണ്. ഉത്തര സൂചികയിലെ വിവരങ്ങൾ പുറത്തവിട്ട അധ്യാപകർക്ക് നോട്ടീസ് നൽകും. വിദ്യാർത്ഥികളുടെ ഭാവിക്കപ്പുറം അവരെ മറയാക്കി നിർത്തിക്കൊണ്ട് സർക്കാർ വിരുദ്ധ പ്രവർത്തനമാണ് ഇക്കൂട്ടർ ചെയ്യുന്നത്. സോഷ്യൽ മീഡിയ കൂട്ടായ്മയിൽപ്പെട്ടുപോയ നിരപരാധികളായ അധ്യാപകരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പഠിച്ച് പരീക്ഷ എഴുതിയ കുട്ടികൾക്ക് നീതിപൂർവവും ന്യായവും അർഹവുമായ മാർക്ക് ലഭിക്കുന്നതിനു വേണ്ടിയുളള കാര്യമാണ് സർക്കാർ ഇക്കാര്യത്തിൽ ചെയ്യുന്നത്' എന്നും മന്ത്രി പറഞ്ഞു.

'ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ കാര്യത്തിൽ എസ് സി ഇ ആ ർ ടി യുടെ മേൽനോട്ടത്തിലാണ് ചോദ്യകടലാസ്സ് നിർമ്മാണം നടത്തുന്നത്. ഓരോ വിഷയത്തിനും ആറ് വരെ സെറ്റ് ചോദ്യക്കടലാസുകൾ നിർമ്മിക്കാറുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക. ചോദ്യ കടലാസ് നിർമ്മിക്കുന്ന ആൾ തന്നെ അതിന്റെ ഉത്തരസൂചികയും തയാറാക്കി നൽകുന്നുണ്ട്. എന്നിരുന്നാലും മാനുഷികമായി സംഭവിച്ചേക്കാവുന്ന എന്തെങ്കിലും പിശകുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി പരീക്ഷയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകരുടെ മേൽ നോട്ടത്തിൽ അത് പുന:പരിശോധന നടത്താറുണ്ട്. അത്തരത്തിൽ പുനപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട സമിതി തയ്യാറാക്കി നൽകുന്ന ഉത്തരസൂചിക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഈ വർഷത്തെ കെമിസ്ട്രി ഉത്തരസൂചികയിൽ ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടുതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലും ക്രമീകരിച്ചത് ശ്രദ്ധയിൽപ്പെടുകയുണ്ടായിട്ടുണ്ട്'.മന്ത്രി പറഞ്ഞു.

ഗുണമേന്മാ വിദ്യാഭ്യാസത്തിനായി ശുപാർശ ചെയ്ത ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഏകീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തങ്ങളുടെ പ്രസക്തി നഷ്ട്‌പ്പെടുമെന്ന് ഭയക്കുന്ന ചിലർ അസ്വസ്ഥതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് .പരീക്ഷാ സംബന്ധിയായി ഉണ്ടായിട്ടുള്ള വ്യാജ പ്രചരണങ്ങൾ ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

Story highlights: New answer index will prepare for chemistry evaluation Minister V Sivankutty

Next Story

Popular Stories