'ചിലപ്പോൾ ടീം പ്ലാനുകൾ പൊളിയും, താരങ്ങളുടെ പരിക്ക് തിരിച്ചടിയായി': റിഷഭ് പന്ത്

ദി​ഗ്‍വേഷ് രാതിയുടെ ബൗളിങ് മികവിനെക്കുറിച്ചും റിഷഭ് പന്ത് സംസാരിച്ചു

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. 'ചില താരങ്ങളുടെ പരിക്കുകൾ ടീമിന് വലിയ വിടവുകളാണ് ഉണ്ടാക്കിയത്. ഒരു ടീം എന്ന നിലയിൽ പരിക്കേറ്റ താരങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാൽ അത് പരിഹരിക്കണമായിരുന്നു.' റിഷഭ് പന്ത് പ്രതികരിച്ചു.

'ഐപിഎൽ ലേലത്തിന്റെ സമയത്ത് മികച്ചയൊരു ബൗളിങ് യൂണിറ്റിനെ നിർമിക്കാൻ ലഖ്നൗ ശ്രമിച്ചിരുന്നു. അതേ ബൗളിങ് യൂണിറ്റ് ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ മത്സരഫലങ്ങൾ വ്യത്യസ്തമാകുമായിരുന്നു. ചിലപ്പോൾ ടീം പ്ലാനുകൾ വിജയിക്കും. മറ്റുചിലപ്പോൾ പരാജയപ്പെടും. ഞങ്ങൾ കളിച്ച രീതിയിൽ അഭിമാനമുണ്ട്. പോസിറ്റീവായ കാര്യങ്ങൾ സംസാരിക്കും. ലഖ്നൗവിന് ശക്തമായ ബാറ്റിങ് നിരയുണ്ട്. സൺറൈസേഴ്സിനെതിരെ ബൗളർമാർ നന്നായി പന്തെറിഞ്ഞ സമയങ്ങളുണ്ടായിരുന്നു. അതിനെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഇന്നലെ ലഖ്നൗ ബാറ്റർമാർ പത്ത് റൺസ് കുറവാണ് സ്കോർ ചെയ്തത്. നന്നായി കളിച്ചെങ്കിലും മത്സരം വിജയിക്കാൻ കഴിഞ്ഞില്ല.' റിഷഭ് പന്ത് പറഞ്ഞു.

ദി​ഗ്‍വേഷ് രാതിയുടെ ബൗളിങ് മികവിനെക്കുറിച്ചും റിഷഭ് പന്ത് സംസാരിച്ചു. 'രാതിയുടെ ആദ്യ സീസണാണിത്. മികച്ച ബൗളിങ്ങാണ് താരം പുറത്തെടുക്കുന്നത്. രാതി പന്തെറിയുന്നത് കാണാൻ നല്ല രസമുണ്ട്.' ഈ സീസണിലെ പോസിറ്റീവായ കാര്യങ്ങളിലൊന്നാണ് ദി​ഗ്‍വേഷ് രാതിയെന്നും റിഷഭ് പന്ത് വ്യക്തമാക്കി.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആറ് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി.

Content Highlights: Sometimes things don't go your way: Rishabh Pant

dot image
To advertise here,contact us
dot image