
കൊച്ചി: സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാലുവയസുകാരി കല്ല്യാണിയുടെ പിതാവ് സുഭാഷ്. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ ഉപദ്രവിച്ചിട്ടില്ല. സന്ധ്യക്കാണോ അവരുടെ വീട്ടുകാർക്കാണോ മാനസികാസ്വാസ്ഥ്യമെന്ന് അറിയില്ലെന്നും സുഭാഷ് റിപ്പോർട്ടറിനോട് പറഞ്ഞു.
രണ്ട് വയസ്സുള്ളപ്പോൾ കല്ല്യാണിയെ സന്ധ്യ അടിച്ചതിന്റെ പാട് കുഞ്ഞിന്റെ നെഞ്ചിലുണ്ടെന്നും പിതാവ് പറഞ്ഞു. തന്റെ അച്ഛൻ വെന്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ പകലാണ് തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്ക് എത്തിയത്. അത് കഴിഞ്ഞ് ഇന്നലെ ഇഎസ്‌ഐയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആശുപത്രിയിൽ നിൽക്കുമ്പോൾ കുക്കറിന്റെ വാഷർപൊട്ടിയെന്നും വാങ്ങി വരാമോ എന്നും ആവശ്യപ്പെട്ട് സന്ധ്യ വിളിച്ചിരുന്നു. വരാൻ താമസിക്കുമെന്ന് അറിയിച്ചു. 3.30നാണ് വീട്ടിലേക്ക് എത്തിയത്. സന്ധ്യ വീട്ടിലുണ്ടായിരുന്നില്ല. വാഷർ വാങ്ങാൻ പോയെന്നാണ് കരുതിയതെന്നും സുഭാഷ് പറഞ്ഞു.
ആറ് മണിയായപ്പോഴും കാണാതായതോടെ സന്ധ്യയുടെ വീട്ടിലുൾപ്പെടെ വിളിച്ചിരുന്നുവെന്നും സുഭാഷ് പറഞ്ഞു. അവിടെയൊന്നും എത്തിയിരുന്നില്ല. നേരത്തെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആറുമണിക്കൂർ കഴിഞ്ഞും എത്തിയില്ലെങ്കിൽ കേസ് കൊടുക്കാനിരിക്കുകയായിരുന്നു. ഇതിന് മുൻപും രണ്ട് മക്കളെയും വിളിച്ചുകൊണ്ടുപോയിട്ടുണ്ട്. കടയിലേക്കെന്ന് പറഞ്ഞായിരുന്നു പോയത്. കത്തിയും ടോർച്ചും എടുത്തുകൊണ്ടുപോയി ഇളയകൊച്ചിന്റെ തലയ്ക്ക് അടിച്ചു. ഐസ്‌ക്രീമിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്നൊക്കെ അന്ന് അമ്മ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും സുഭാഷ് പറഞ്ഞു. ചേച്ചി വനിതാ സെല്ലിൽ വിളിച്ച് പരാതിപ്പെട്ടു. സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി പല തവണ അവരുടെ വീട്ടിൽ അറിയിച്ചിരുന്നു. സന്ധ്യക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല. ബുദ്ധിപൂർവ്വമാണ് സന്ധ്യ എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ആലുവയിൽ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുമായി സന്ധ്യ ആലുവയിൽ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
സന്ധ്യ എന്തിന് കുട്ടിയെ കൊലപ്പെടുത്തി എന്ന കാര്യത്തിൽ അടക്കം പൊലീസിന് വ്യക്തത ലഭിക്കേണ്ടതുണ്ട്. . ഇക്കാര്യങ്ങളിലടക്കം വ്യക്തത തേടി പൊലീസ് സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവർക്കെതിരെ ചെങ്ങമനാട് പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടൻ രേഖപ്പെടുത്തും.
Content Highlights: sandhya's husband reacts on four year old daughter kalyani's death