
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് മുത്തശ്ശി. കൊല്ലപ്പെട്ട കല്ല്യാണിയുടെ അമ്മ സന്ധ്യക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നില്ല. പഠിക്കുന്ന കാലം മുതൽ തന്നെ മറവിയുണ്ടായിരുന്നുവെന്നും സന്ധ്യയുടെ അമ്മ അല്ലി റിപ്പോർട്ടറിനോട് പ്രതികരിച്ചു.
'കല്ല്യാണിയെ കാണാതായ ദിവസം രാത്രി ഏഴ് മണിക്കാണ് സന്ധ്യ വീട്ടിലേക്ക് വന്നത്. കുട്ടി എവിടെയെന്ന് ചോദിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്നാണ് ആദ്യം പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോൾ ബസില്‍ വെച്ച് കാണാതായെന്ന് പറഞ്ഞു. ഭർത്താവും സന്ധ്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ് മദ്യപിക്കുമായിരുന്നു. സന്ധ്യയെ മര്‍ദിക്കും. പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്. ദേഷ്യം വന്നാൽ സന്ധ്യയുടെ കരണത്തടിക്കും. ഭർതൃമാതാവുമായും പ്രശ്നങ്ങളുണ്ടായിരുന്നു. നോര്‍മല്‍ ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ വീട്ടില്‍ നിര്‍ത്തൂവെന്ന് ഭര്‍ത്താവിന്റെ അമ്മ പറഞ്ഞിരുന്നു. തുടർന്ന് ഡോക്ടറെ കണ്ടു. 35 വയസായ ആള്‍ക്ക് 18 വയസ്സിന്റെ ബുദ്ധിയേ ഉള്ളൂവെന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്', അല്ലി വിശദീകരിച്ചു.
സന്ധ്യ സ്വന്തം വീട്ടിലേക്ക് വരുന്നത് വളരെ കുറവാണ്. ഭര്‍തൃവീട്ടുകാര്‍ വിടാറില്ല. മകൾക്കെതിരെ
ഇങ്ങനെ ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നും അല്ലി പറയുന്നു.
ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മൂഴിക്കുളം പാലത്തിനടുത്ത് പുഴയില്‍ നടത്തിയ തിരച്ചിലിലാണ് നാല് വയസ്സുകാരിയുടെ ജീവനറ്റ ശരീരം ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്സും സ്‌കൂബാ ഡൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് മൂഴിക്കുളം പാലത്തിന് സമീപമുള്ള പുഴയില്‍ മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ പുഴയില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ ശരീരം പുഴയ്ക്ക് അടിയിലെ തടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാലത്തില്‍ നിന്നും എറിഞ്ഞ അതേ സ്ഥലത്ത് നിന്ന് തന്നെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മൂന്ന് വയസ്സുകാരി കല്യാണിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസ്സില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി.
ഇതിനിടയില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നല്‍കുന്നത്. കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് പാലത്തിന് സമീപമുള്ള പുഴയില്‍ തിരച്ചില്‍ ആരംഭിക്കുന്നത്.
സംഭവത്തിൽ ചെങ്ങമനാട് പൊലീസ് കുട്ടിയുടെ അമ്മയായ സന്ധ്യയ്ക്ക് മേൽ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും. കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights- Sandhya mother alli Reaction over four year old girl kalyani death