പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരായ വ്യാജ കേസ്; കൂടുതല്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപ്പോര്‍ട്ട്

രണ്ട് സിവില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും

dot image

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊടിയ പീഡനമേല്‍ക്കേണ്ടി വരികയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. രണ്ട് സിവില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും.

അതിനിടെ പരാതിക്കാരി ഓമന ഡാനിയേലിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിന്ദു രംഗത്തെത്തി. ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് മാല ആരെടുത്തു?, അതിന് എന്ത് സംഭവിച്ചു? എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കണമെന്ന് ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഓമനയുടെ മകളെ തനിക്ക് സംശയമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോര. മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം. തന്റെ ഉപജീവനമാര്‍ഗമാണ് ഇവര്‍ എല്ലാവരും കൂടി ഇല്ലാതാക്കിയത്. അത്രയ്ക്ക് താന്‍ ദുരിതം അനുഭവിച്ചു. തന്നെ കള്ളിയായി ചിത്രീകരിച്ചു. തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും കോടതിയെ സമീപിക്കുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ഓമന ഡാനിയേലിന്റെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്‌റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

Content Highlights- Investigation report against more police officers on Peroorkada fake case

dot image
To advertise here,contact us
dot image