റഷ്യയും യുക്രെയ്നും ഉടന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കും: ഡൊണാള്‍ഡ് ട്രംപ്

യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്‌തെന്നും ട്രംപ് പറഞ്ഞു

dot image

വാഷിംഗ്ടണ്‍: റഷ്യയും യുക്രെയ്നും ഉടന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുടിനുമായി രണ്ട് മണിക്കൂര്‍ നീണ്ട സംഭാഷണം വളരെ നന്നായി അവസാനിപ്പിച്ചുവെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുളള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായും യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്‌തെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.


വത്തിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ചതിനുശേഷം അമേരിക്കയുമായി വലിയ തോതിലുളള വ്യാപാര ബന്ധം ഉണ്ടാക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുണ്ടെന്നും യുക്രെയ്നും അമേരിക്കയുമായുളള വ്യാപാര ബന്ധത്തിലൂടെ നേട്ടമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. നേരത്തെ യുക്രെയ്നുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞിരുന്നു.

റഷ്യ-യുക്രെയ്ൻ വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടിരുന്നില്ല. 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ മാത്രമാണ് ചർച്ചയിൽ ധാരണയായത്. ഇതിന് പിന്നാലെയാണ് ട്രംപ് പുടിനുമായി സംസാരിച്ചത്. രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു യുദ്ധ തടവുകാരെ കൈമാറാനുളള നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല. കൂടാതെ ചർച്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ യുക്രെയ്നിൽ യാത്രാ ബസിന് നേരെ റഷ്യന്‍ ഡ്രോണാക്രമണം നടന്നിരുന്നു. അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമ്മർദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറായത്. നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുടിൻ തന്നെയാണ് ആദ്യം നിർദേശിച്ചത്. പിന്നാലെ സെലന്‍സ്‌കിയും ഇതിന് സമ്മതിക്കുകയായിരുന്നു. പിന്നീട് റഷ്യൻ ഉപദേശകനായ വ്‌ളാഡിമിർ മെഡിൻസ്‌കിയാണ് ചർച്ചകളിൽ പങ്കെടുക്കുക എന്ന് പുടിൻ അറിയിച്ചതിന് പിന്നാലെ സെലൻസ്കിയും ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവാണ് യുക്രെയ്നെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

Content Highlights: Russia and ukraine will immediatly start ceasefire talks says donald trump

dot image
To advertise here,contact us
dot image