
കൊച്ചി: ആലുവയിൽ നാല് വയസുകാരിയെ പുഴയിലേറിഞ്ഞുകൊന്ന കേസിലെ പ്രതിയായ സന്ധ്യ മകനെയും മകളെയും നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് വിവരം. തന്നെയും അനുജത്തിയേയും അമ്മ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ തങ്ങൾക്ക് പേടിയായിരുന്നുവെന്നും മകൻ റിപ്പോർട്ടറിനോട് പറഞ്ഞു.
അമ്മ തന്നെയും അനുജത്തിയേയും ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നും കുട്ടി പറഞ്ഞു. ഇതിന് ശേഷം തന്റെ തലയിലും കല്ല്യാണിയുടെ ചെവിക്ക് പിൻഭാഗത്തായും പരിക്കേറ്റു. താൻ കല്ല്യാണിയെ വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്കുകൊണ്ടുവന്നു. തങ്ങളെ രണ്ട് പേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത്. എന്തിനായിരുന്നു ഉപദ്രവം എന്നുപോലും അറിയില്ല. തനിക്ക് അമ്മയെ പേടിയായിരുന്നുവെന്നും അമ്മയുടെ വീട്ടിൽ പോകാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നും മകൻ റിപ്പോർട്ടറിനോട് പറഞ്ഞു.
സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ടെന്ന് കല്ല്യാണിയുടെ പിതാവ് സുഭാഷും റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ ഉപദ്രവിച്ചിട്ടില്ല. സന്ധ്യക്കാണോ അവരുടെ വീട്ടുകാർക്കാണോ മാനസികാസ്വാസ്ഥ്യമെന്ന് അറിയില്ലെന്നും സുഭാഷ് റിപ്പോർട്ടറിനോട് പറഞ്ഞു.
രണ്ട് വയസ്സുള്ളപ്പോൾ കല്ല്യാണിയെ സന്ധ്യ അടിച്ചതിന്റെ പാട് കുഞ്ഞിന്റെ നെഞ്ചിലുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. തന്റെ അച്ഛൻ വെന്റിലേറ്ററിൽ കഴിയുകയാണ്. ഇന്നലെ പകലാണ് തിരുവനന്തപുരത്ത് നിന്ന് വീട്ടിലേക്ക് എത്തിയത്. അത് കഴിഞ്ഞ് ഇന്നലെ ഇഎസ്‌ഐയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആശുപത്രിയിൽ നിൽക്കുമ്പോൾ കുക്കറിന്റെ വാഷർപൊട്ടിയെന്നും വാങ്ങി വരാമോ എന്നും ആവശ്യപ്പെട്ട് സന്ധ്യ വിളിച്ചിരുന്നു. വരാൻ താമസിക്കുമെന്ന് അറിയിച്ചു. 3.30നാണ് വീട്ടിലേക്ക് എത്തിയത്. സന്ധ്യ വീട്ടിലുണ്ടായിരുന്നില്ല. വാഷർ വാങ്ങാൻ പോയെന്നാണ് കരുതിയതെന്നും സുഭാഷ് പറഞ്ഞു.
ആറ് മണിയായപ്പോഴും കാണാതായതോടെ സന്ധ്യയുടെ വീട്ടിലുൾപ്പെടെ വിളിച്ചിരുന്നുവെന്നും സുഭാഷ് പറഞ്ഞു. അവിടെയൊന്നും എത്തിയിരുന്നില്ല. നേരത്തെയും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആറുമണിക്കൂർ കഴിഞ്ഞും എത്തിയില്ലെങ്കിൽ കേസ് കൊടുക്കാനിരിക്കുകയായിരുന്നു. ഇതിന് മുൻപും രണ്ട് മക്കളെയും വിളിച്ചുകൊണ്ടുപോയിട്ടുണ്ട്. കടയിലേക്കെന്ന് പറഞ്ഞായിരുന്നു പോയത്. കത്തിയും ടോർച്ചും എടുത്തുകൊണ്ടുപോയി ഇളയകൊച്ചിന്റെ തലയ്ക്ക് അടിച്ചു. ഐസ്‌ക്രീമിൽ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്നൊക്കെ അന്ന് അമ്മ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും സുഭാഷ് പറഞ്ഞു. ചേച്ചി വനിതാ സെല്ലിൽ വിളിച്ച് പരാതിപ്പെട്ടു. സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി പല തവണ അവരുടെ വീട്ടിൽ അറിയിച്ചിരുന്നു. സന്ധ്യക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല. ബുദ്ധിപൂർവ്വമാണ് സന്ധ്യ എല്ലാ കാര്യങ്ങളും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Sandhya used to hit kalyani and her son