'താരങ്ങളുടെ പ്രായം പ്രശ്നമല്ല, അനുഭവസമ്പത്താണ് ടൂർണമെന്റുകൾ വിജയിപ്പിക്കുന്നത്': സ്റ്റീഫൻ ഫ്ലെമിങ്

'ഈ സീസൺ ചെന്നൈ സൂപ്പർ കിങ്സിന് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു'

dot image

ഐപിഎൽ സീസണിലെ മോശം പ്രകടനത്തിൽ നിന്ന് കരകയറാൻ ചെന്നൈ സൂപ്പർ കിങ്സ്. അനുഭവ സമ്പത്തുള്ള താരങ്ങളും യുവനിരയെയും ചേർത്ത് ചെന്നൈയെ മികച്ച ടീമാക്കുകയാണ് ലക്ഷ്യമെന്ന് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് പ്രതികരിച്ചു. സീസണിൽ ഉർവിൻ പട്ടേൽ, ആയുഷ് മാത്രെ, നൂർ അഹമ്മദ് തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് താരങ്ങളെ അഭിനന്ദിക്കാൻ ഫ്ലെമിങ് മടികാണിച്ചില്ല.

'ഈ സീസൺ ചെന്നൈ സൂപ്പർ കിങ്സിന് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും ഉർവിൻ, ആയൂഷ്, നൂർ തുടങ്ങിയ യുവതാരങ്ങൾക്ക് മികവ് പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ താരങ്ങളിലൂടെ ഭാവിയിൽ ചെന്നൈ സൂപ്പർ കിങ്സ് മികച്ച പ്രകടനങ്ങൾ നടത്തും.' ഇന്ന് നടക്കുന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിന് മുമ്പ് സ്റ്റീഫൻ ഫ്ലെമിങ് പ്രതികരിച്ചു. ‌

'ഞാൻ എപ്പോഴും യുവത്വവും അനുഭവസമ്പത്തും ഉൾപ്പെടുന്ന ടീമിനെ നിർമിക്കണമെന്നാണ് പറയാറുള്ളത്. അനുഭവസമ്പത്തിന്റെ ഒരു ആരാധകനാണ് ഞാൻ. അനുഭവസമ്പത്തുള്ള താരങ്ങളാണ് ടൂർണമെന്റുകൾ വിജയിപ്പിക്കുന്നത്. എന്നാൽ ഈ രാജ്യത്തെ മികച്ച യുവതാരങ്ങളെ അവ​ഗണിക്കാൻ സാധിക്കില്ല.' ഫ്ലെമിങ് കൂട്ടിച്ചേർത്തു.

'താരങ്ങളുടെ പ്രായം എനിക്ക് പ്രശ്നമല്ല. മുമ്പ് ചെന്നൈ മികച്ച പ്രകടങ്ങൾ പുറത്തെടുത്തപ്പോഴൊക്കെ അനുഭവസമ്പത്തുള്ള താരങ്ങൾ നിർണായക റോളുകൾ വഹിച്ചിരുന്നു. എന്നാൽ ഈ വർഷം അത് ​ഗുണം ചെയ്തില്ല.' ഫ്ലെമിങ് വ്യക്തമാക്കി.

ഐപിഎൽ സീസണിൽ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ് ചെന്നൈ സൂപ്പർ കിങ്സ്. 12 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മൂന്ന് വിജയങ്ങൾ മാത്രമാണ് ചെന്നൈ നേടിയിട്ടുള്ളത്. അവശേഷിച്ച രണ്ട് മത്സരങ്ങളിൽ ആശ്വാസ ജയമാണ് ചെന്നൈയുടെ ലക്ഷ്യം. ഇന്ന് രാജസ്ഥാൻ റോയൽസും മെയ് 25ന് ​ഗുജറാത്ത് ടൈറ്റൻസുമാണ് ചെന്നൈയ്ക്ക് അവശേഷിക്കുന്ന മത്സരങ്ങളിലെ എതിരാളികൾ.

Content Highlights: Experience wins tournaments, no matter on the ages: Stephen Fleming

dot image
To advertise here,contact us
dot image