Top

'അദാനി പോർട്ട് അല്ല, ഇത് സർക്കാരിന്റെ പോർട്ട്'; തുറമുഖത്തിന് സാമ്പത്തിക മേഖലയെ ഉയർത്താൻ കഴിയുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

29 Nov 2022 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അദാനി പോർട്ട് അല്ല, ഇത് സർക്കാരിന്റെ പോർട്ട്; തുറമുഖത്തിന് സാമ്പത്തിക മേഖലയെ ഉയർത്താൻ കഴിയുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഏതെങ്കിലും സ്വകാര്യ കമ്പനിയുടേതല്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖം അദാനി പോർട്ട്‌ അല്ല, സർക്കാരിൻറെ പോർട്ട്‌ ആണ്. അദാനി ഗ്രൂപ്പ് പദ്ധതിയുടെ നിർമാതാക്കളും നടത്തിപ്പുകാരും മാത്രമാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പേർട്ട് സമ്മിറ്റ് പരിപാടിയിൽ സംസാരിക്കുകായിരുന്നു മന്ത്രി.

പദ്ധതിക്കായി മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല. പദ്ധതിക്കെതിരായി നടക്കുന്നത് തൽപര കക്ഷികളുടെ പ്രചരണമാണ്. സമരം മൂലം ഉണ്ടായ പ്രവർത്തി ദിനങ്ങൾ വീണ്ടെടുക്കേണ്ടതുണ്ട്. പാരിസ്ഥിതീക ആഘാത പഠനം ഏറ്റവും കുറവുള്ള നിർമിതിയാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞം തുറമുഖം മൂലം മത്സ്യലഭ്യത കുറഞ്ഞിട്ടില്ല. 2011 നെക്കാൾ 2021ൽ മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി സിഎംഎഫ്ആർഐ പഠനം തെളിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

തീരശോഷണത്തിന് കാരണം വിഴിഞ്ഞം തുറമുഖം അല്ല എന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്. പുനരധിവാസത്തിന് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. തൊഴിൽ നൽകാൻ ലോജിസ്റ്റിക് പ്ലാന്റ് നിർമ്മിക്കും. ഇതുമൂലം നിരവധിപേർക്ക് തൊഴിൽ നൽകാൻ സാധിക്കും. പ്രത്യക്ഷവും പരോക്ഷവുമായി തുറമുഖത്തിന് സാമ്പത്തിക മേഖലയെ ഉയർത്താൻ കഴിയുമെന്നും സംസ്ഥാനത്തിന്റെ മുഖചായ മാറ്റുന്ന പദ്ധതിക്ക് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

STORY HIGHLIGHTS: Minister Ahammad devarkovil said that vizhinjam port will boost the economic sector

Next Story