
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലെ വിജയത്തിൽ പ്രതികരണവുമായി സൺറൈസേഴ്സ് പരിശീലകൻ ഡാനിയേൽ വെട്ടോറി. സൺറൈസേഴ്സിന്റെ ആക്രമണ ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് വെട്ടോറിയുടെ പ്രതികരണം. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരശേഷമായിരുന്നു വെട്ടോറിയുടെ പ്രതികരണം.
അഭിഷേക് ശർമയുടെ പ്രകടനത്തെക്കുറിച്ചും വെട്ടോറി സംസാരിച്ചു. 'അഭിഷേക് മികച്ച താരമാണ്. അഭിഷേക് നന്നായി കളിച്ചാൽ ഏതൊരു എതിരാളിയ്ക്കും വെല്ലുവിളിയാകും. ചില സമയങ്ങളിൽ ചില താരങ്ങൾ നന്നായി കളിക്കും. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി അടുത്ത സീസണിലേക്കുള്ള പദ്ധതികളാണ് സൺറൈസേഴ്സ് നടപ്പിലാക്കുന്നത്,' വെട്ടോറി പറഞ്ഞു.
'ബൗളിങ്ങിൽ ഇഷാൻ മലിംഗ പുറത്തെടുത്ത മികവ് പൂർത്തിയായത് അഭിഷേക് ശർമയും ഹെൻറിച്ച് ക്ലാസനും നന്നായി കളിച്ചപ്പോഴാണ്. ചിലപ്പോൾ ആക്രമണ ശൈലിയിൽ കളിക്കാൻ പിച്ച് സഹായിക്കും. ഈ സീസണിൽ എതിർടീമുകൾ സൺറൈസേഴ്സിനെ തോൽപ്പിക്കാനായി നന്നായി ശ്രമിച്ചു. അങ്ങനെയാണ് എല്ലാ ടീമുകളും കളിക്കുന്നത്,' വെട്ടോറി കൂട്ടിച്ചേർത്തു.
'അഭിഷേക് ശർമയും ട്രാവിസ് ഹെഡും ആക്രമിച്ച് കളിക്കാനാണ് സൺറൈസേഴ്സ് ആഗ്രഹിക്കുന്നത്. മറ്റ് താരങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കണം. ചിലപ്പോഴൊക്കെ ഗ്രൗണ്ടിന്റെ സഹായമുണ്ടാകും. അഭിഷേകിനെതിരെയും ഹെഡിനെതിരെയും എതിർടീമുകൾ ഒരുപാട് പദ്ധതികൾ നിർമിച്ചു. ആക്രമണ ശൈലി മാറ്റാൻ സൺറൈസേഴ്സ് ഉദ്ദേശിക്കുന്നില്ല. എന്നാൽ മത്സരത്തിലെ സാഹചര്യങ്ങൾ മനസിലാക്കി താരങ്ങൾ കളിക്കണം,' വെട്ടോറി വ്യക്തമാക്കി.
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആറ് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി. മത്സരം വിജയിച്ചെങ്കിലും സൺറൈസേഴ്സ് ഐപിഎൽ പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നു. ഈ മാച്ചിലെ തോല്‍വി
ലഖ്നൗ സൂപ്പർ ജയന്റ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിപ്പിച്ചു.
Content Highlights: I don't want a style change of SRH's aggressiveness: Daniel Vettori