സൂര്യയെയും വിശാലിനെയും കടത്തിവെട്ടി ശശികുമാർ; ഇനി ടൂറിസ്റ്റ് ഫാമിലിക്ക് മുന്നിൽ ആ രണ്ട് സിനിമകൾ മാത്രം

ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് സംവിധായകൻ എസ് എസ് രാജമൗലി എത്തിയിരുന്നു

dot image

ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടൈയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ വമ്പൻ കളക്ഷൻ ആണ് നേടുന്നത്.

റിലീസ് ചെയ്ത് 18 ദിവസങ്ങൾ പിന്നിടുമ്പോൾ 54 കോടിയാണ് ടൂറിസ്റ്റ് ഫാമിലിയുടെ തമിഴ്നാട് കളക്ഷൻ. ഇത് ഈ വർഷത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയാണ് ലിസ്റ്റിൽ ഒന്നാമത്. 152.65 കോടിയാണ് ഗുഡ് ബാഡ് അഗ്ലിയുടെ തമിഴ്നാട് കളക്ഷൻ. അജിത്തിന്റെ തന്നെ ചിത്രമായ വിടാമുയർച്ചിയും പ്രദീപ് രംഗനാഥൻ ചിത്രമായ ഡ്രാഗണുമാണ് രണ്ടാം സ്ഥാനത്തുള്ള സിനിമകൾ. 83 കോടിയാണ് ഇരു സിനിമകളുടെയും കളക്ഷൻ.

ഷൂട്ട് പൂർത്തിയായി 12 വർഷത്തിന് ശേഷം പുറത്തിറങ്ങിയ വിശാൽ സിനിമയായ മദ ഗജ രാജയാണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് വലിയ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 53.45 കോടിയാണ് മദ ഗജ രാജയുടെ തമിഴ്നാട്ടിൽ നിന്നുള്ള നേട്ടം. സുന്ദർ സി സംവിധാനം ചെയ്ത സിനിമയിൽ വരലക്ഷ്മി ശരത്കുമാർ, സന്താനം, അഞ്ജലി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സൂര്യ ചിത്രമായ റെട്രോയാണ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ളത്. 50.85 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. സമ്മിശ്ര പ്രതികരണം ആണ് സിനിമ നേടിയത്. എന്നാല്‍ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും 235 കോടി നേടിയെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു.

അതേസമയം, ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് സംവിധായകൻ എസ് എസ് രാജമൗലി എത്തിയിരുന്നു. സമീപ കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് ടൂറിസ്റ്റ് ഫാമിലിയെന്ന് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രം കണ്ട് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിളിച്ചെന്ന സന്തോഷവാര്‍ത്തയും സംവിധായകന്‍ അബിഷന്‍ പങ്കുവെച്ചിരുന്നു. 'സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ എക്‌സ്ട്രാ ഓര്‍ഡിനറി' എന്ന് രജനികാന്ത് പറഞ്ഞുവെന്നാണ് അബിഷന്‍റെ വാക്കുകള്‍. യോഗി ബാബു, കമലേഷ്, എം. ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷന്‍ ജിവിന്ത് ആണ്.

Content Highlights: Tourist Family tamilnadu collection report

dot image
To advertise here,contact us
dot image