
ഗാസ: ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ. ഗാസയിൽ ആക്രമണം ഇനിയും തുടർന്നാൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ വ്യക്തമാക്കി. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്നും യുകെ സർക്കാർ കുറ്റപ്പെടുത്തി.
ഇസ്രയേലിനെതിരെ ലോകരാജ്യങ്ങൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യുകെയിലെ പലസ്തീൻ അംബാസഡർ ഹുസാം സോംലോട്ട് ആവശ്യപ്പെടുന്നത്. ഇസ്രയേലിനെതിരെ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ഹുസാം സോംലോട്ട് പറഞ്ഞു. ആയുധ കയറ്റുമതി താത്ക്കാലികമായി നിർത്തിവെയ്ക്കാൻ യുകെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടുമാത്രം അവസാനിക്കുന്നില്ല. ഇക്കാര്യത്തിൽ സമഗ്രമായ നടപടിയുണ്ടാകണം. ഇതൊരു ആവശ്യമോ അതിനുവേണ്ടിയുള്ള മുറവിളിയോ അല്ല. നിയമപരമായ കർത്തവ്യമാണെന്നും ഹുസാം സോംലോട്ട് പറഞ്ഞു. ഒരു അന്തർദേശീയ മാധ്യമത്തോട് സംസാരിക്കവേയാണ് ഹുസാം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഗാസയിലെ ഇസ്രയേൽ നടപടിയെ വിമർശിച്ച് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയും രംഗത്തെത്തിയിട്ടുണ്ട്. ഗാസയിലെ ജനങ്ങൾ 80 ദിവസത്തോളം പട്ടിണി കിടന്നു എന്നറിയുന്നത് അതിശയകരവും അപലപനീയവുമാണെന്ന് ആംനസ്റ്റി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
It is outrageous and morally reprehensible that it took the world nearly 80 days of broadcast starvation and cruelty amidst genocide to exert enough pressure on Israel to even slightly ease its total siege that has blocked the entry of all food, medicine, fuel and other vital…
— Amnesty International (@amnesty) May 19, 2025
അതിനിടെ ഗാസയുടെ നിയന്ത്രണം ഇസ്രയേൽ പിടിച്ചടക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 58 പേരെ മോചിപ്പിക്കും. പലസ്തീൻ തീവ്രവാദത്തെ നശിപ്പിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ മരണസംഖ്യ ഉയരുകയാണ്. ഇന്നലെ അർദ്ധരാത്രി മാത്രം അൻപതോളം പേർ കൊല്ലപ്പെട്ടതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Britain, Canada, France threaten sanctions against Israel over Gaza