'ഓപ്പറേഷൻ സിന്ദൂർ ചെറിയ യുദ്ധം'; പഹൽഗാം ആക്രമണം ചെറുക്കാൻ മോദി സർക്കാരിന് സാധിച്ചില്ലെന്ന് മല്ലികാർജുൻ ഖാർഗെ

ഏപ്രില്‍ 22ലെ ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം

dot image

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ ചെറിയ യുദ്ധമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഏപ്രില്‍ 22ലെ ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ആക്രമണം ചെറുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാലാണ് 26 പേരുടെ ജീവന്‍ നഷ്ടമായതെന്ന് ഖാര്‍ഗെ പറഞ്ഞു. 'പഹല്‍ഗാമിലെ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കാത്തത് കൊണ്ടാണ് 26 പേര്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതിനാല്‍ മോദി കശ്മീരില്‍ പോയില്ല. എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിനോദ സഞ്ചാരികളോട് പഹല്‍ഗാമിലേക്ക് പോകരുതെന്ന് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ 26 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു', കര്‍ണാടകയിലെ വിജയനഗരയിലെ കോണ്‍ഗ്രസ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

അതേസമയം കേണല്‍ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി നടത്തിയ വര്‍ഗീയപരാമര്‍ശം അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഐജി, ഡിഐജി, എസ്പി എന്നിവര്‍ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഇക്കാര്യം ഡിജിപി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.

വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് കോടതി വിമര്‍ശിച്ചത്. മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Content Highlights: Mallikarjun Kharge against Modi Government on Operation Sindhoor

dot image
To advertise here,contact us
dot image