
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് - ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ ദിഗ്വേഷ് രാതിയും അഭിഷേക് ശർമയും തമ്മിലുണ്ടായ തർക്കത്തിൽ നടപടിയെടുത്ത് ബിസിസിഐ. ലഖ്നൗ സ്പിന്നർ ദിഗ്വേഷ് രാതിക്ക് ഒരു മത്സരത്തിൽ നിന്ന് വിലക്കാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ താരത്തിന് ഗുജറാത്ത് ടൈറ്റൻസിനെതിരായ അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ല. കൂടാതെ മാച്ച് ഫീയുടെ 50 ശതമാനം ദിഗ്വേഷ് പിഴയായി അടയ്ക്കുകയും വേണം. സൺറൈസേഴ്സ് താരം അഭിഷേക് ശർമയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം തുകയാണ് പിഴ വിധിച്ചിരിക്കുന്നത്.
സീസണിൽ ദിഗ്വേഷിന് അഞ്ച് ഡിമെറിറ്റ് പോയിന്റുകളായി. ഇന്നലത്തെ മത്സരത്തിൽ മൂന്ന് ഡിമെറിറ്റ് പോയിന്റാണ് ദിഗ്വേഷിന് ലഭിച്ചത്. നേരത്തെ ഈ സീസണിൽ രണ്ട് തവണ ദിഗ്വേഷ് രാതിക്ക് രണ്ട് ഡിമെറിറ്റ് പോയിന്റുകൾ ലഭിച്ചിരുന്നു. നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയതാണ് താരത്തിന് രണ്ട് തവണയും തിരിച്ചടിയായത്. വിക്കറ്റെടുത്ത താരങ്ങളുടെ പേരുകൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുവെന്നാണ് ഈ സെലിബ്രേഷൻ അർത്ഥമാക്കുന്നത്.
ഇക്കഴിഞ്ഞ മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഇന്നിങ്സിന്റെ എട്ടാം ഓവറിലാണ് ദിഗ്വേഷ് രാതിയും അഭിഷേക് ശർമയും തമ്മിൽ തർക്കമുണ്ടായത്. ദിഗ്വേഷ് രാതി എറിഞ്ഞ പന്തിൽ കവറിന് മുകളിലൂടെ സിക്സർ പറത്താനായിരുന്നു അഭിഷേകിന്റെ ശ്രമം. എന്നാൽ അവിടെ ഫീൽഡിലുണ്ടായിരുന്ന ഷാർദുൽ താക്കൂർ അഭിഷേകിന്റെ ഷോട്ട് കൈപ്പിടിയിലാക്കി. 20 പന്തുകൾ മാത്രം നേരിട്ട് നാല് ഫോറും ആറ് സിക്സറും സഹിതം 59 റൺസാണ് അഭിഷേക് നേടിയത്.
വിക്കറ്റ് നഷ്ടമായതിന് പിന്നാലെ അഭിഷേക് ഡഗ്ഔട്ടിലേക്ക് മടങ്ങവെയാണ് ദിഗ്വേഷ് രാതിയുടെ പ്രകോപനമുണ്ടായത്. ആദ്യം അഭിഷേകിനെ നോക്കി വലതുകൈയ്യിലെ വിരലുകൾ ഇളക്കിയ രാതി പിന്നാലെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങൂ എന്ന രീതിയിൽ കൈകൊണ്ട് ആംഗ്യവും കാണിച്ചു. ഇതോടെ തിരിച്ചെത്തി അഭിഷേക് ദിഗ്വേഷിനോട് ചൂടായി. വിട്ടുകൊടുക്കാൻ ദിഗ്വേഷും തയ്യാറാകാതിരുന്നതോടെ ഇരുതാരങ്ങളും തമ്മിലുള്ള തർക്കം ശക്തമായി. ഒടുവിൽ അംപയർമാരും സഹതാരങ്ങളും ഇടപെട്ടാണ് ഇരുവരെയും ശാന്തമാക്കിയത്. എങ്കിലും നിന്റെ മുടിപിടിച്ച് വലിക്കുമെന്ന് പറഞ്ഞാണ് അഭിഷേക് മടങ്ങിയത്.
മത്സരത്തിൽ സൺറൈസേഴ്സ് ആറ് വിക്കറ്റിന് വിജയിച്ചു. പിന്നാലെ ഇരുതാരങ്ങളും തമ്മിലുണ്ടായ തർക്കം അവസാനിപ്പിക്കാൻ ലഖ്നൗ സൂപ്പർ ജയന്റ്സ് മുന്നിട്ടിറങ്ങി. സൺറൈസേഴ്സ് താരം അഭിഷേക് ശർമയുമായി ലഖ്നൗ മാനേജ്മെന്റ് സംസാരിക്കുന്നത് മത്സരശേഷം കാണാമായിരുന്നു. ബിസിസിഐ പ്രസിഡന്റ് രാജീവ് ശുക്ലയും ഇരുവരുമായി സംസാരിച്ചു. താരങ്ങൾ തമ്മിൽ പിന്നീട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നാണ് മത്സരശേഷമുള്ള ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
Content Highlights: LSG Star Digvesh Rathi Suspended By BCCI For Repeated Code Of Conduct Breach