എന്തുകൊണ്ട് ഡൽഹി- മുംബൈ മൽസരം മരണക്കളിയാകുന്നു?; ഇരുടീമുകളുടെയും പ്ലേ ഓഫ് സാധ്യതയിങ്ങനെ?

ഇനിയുള്ള ഒരു സ്ലോട്ടിലേക്കുള്ള സാധ്യത ഡൽഹിക്കും മുംബൈയ്ക്കുമാണ്

dot image

ഐപിഎല്ലിൽ ഈ സീസണിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാവും നാളെ വാംഖഡെ സ്റ്റേഡിയം സാക്ഷിയാവുക. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂടി പുറത്തായതോടെ നാളത്തെ മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം അതി നിര്‍ണായകമാകും. ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഇതോടെ ഇനിയുള്ള ഒരു സ്ലോട്ടിലേക്കുള്ള സാധ്യത ഡൽഹിക്കും മുംബൈയ്ക്കുമായി.

നാളെ മുംബൈ ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫിലെത്താതെ പുറത്താകും. 12 കളിയില്‍ 14 പോയിന്റുളള മുംബൈ ഇന്ത്യന്‍സിന് നാളത്തേത് ഉള്‍പ്പടെ രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. രണ്ടും ജയിച്ചാല്‍ മുംബൈയ്ക്ക് 18 പോയിന്റാവും. 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കുക മാത്രമല്ല, മുംബൈ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം.

മുംബൈ തോറ്റാല്‍ പഞ്ചാബ് കിങ്സിനെതിരായ അവസാന മത്സരം ഡല്‍ഹിയ്ക്ക് ജീവന്‍മരണ പോരാട്ടമാകും. അല്ലെങ്കില്‍ ലഖ്‌നൗവിന്റെയും മുംബൈയുടെയും അവസാന മത്സര ഫലങ്ങളെ ഡല്‍ഹിയ്ക്ക് ആശ്രയിക്കേണ്ടിവരും.

അതേസമയം, ഐപിഎല്ലില്‍ ഇന്ന് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ മത്സരമാണ്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രാജസ്ഥാന്റെ സീസണിലെ അവസാന മത്സരമാണിത്. ഇന്ന് തോറ്റാല്‍ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാകും. ചെന്നൈയ്ക്ക് ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഗുജറാത്തിനെതിരെയാണ് ആ മത്സരം. ഈ രണ്ട് മത്സരങ്ങളും ജയിച്ച് തല ഉയർത്തി മടങ്ങുകയാവും ചെന്നൈയുടെയും ലക്ഷ്യം.

Content Highlights: playoff chances of delhi capitals mumbai indians

dot image
To advertise here,contact us
dot image