
നോട്ട്ബുക്കില്‍ ദിഗ്‌വേഷിന് വീണ്ടും പിഴച്ചു. ഐപിഎല്‍ സീസണില്‍ മൂന്നാം തവണയും ദിഗ്‌വേഷ് രാതിക്കെതിരെ ബിസിസിഐ നടപടി. അഭിഷേക് ശര്‍മയെ ചൊറിഞ്ഞിതിന് മാച്ച് ഫീയുടെ 50 ശതമാനം ദിഗ്‌വേഷ് പിഴയടക്കണമെന്ന് ബിസിസിഐ തീരുമാനം അറിയിച്ചിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള അടുത്ത മത്സരത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'താരലേലത്തില്‍ ലഭിച്ച 30 ലക്ഷം രൂപയില്‍ ഫൈന്‍ അടച്ചുകഴിഞ്ഞ് ദിഗ്‌വേഷിന് ബാക്കിയെന്ത് ലഭിക്കും?' ആരാധകരുടെ ആശങ്ക ഇങ്ങനെയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ സ്പിന്നറിന് സീസണില്‍ ആകെ എത്ര തുക ലഭിക്കും ? എത്ര രൂപ പിഴയായി ദിഗ്‌വേഷ് ബിസിസിഐക്ക് അടയ്‌ക്കേണ്ടതുണ്ട്? ആരാധകര്‍ സംശയിക്കുന്ന കണക്കുകള്‍ ഒന്ന് പരിശോധിക്കാം.
വിക്കറ്റെടുത്ത താരത്തിന്റെ പേര് നോട്ട്ബുക്കില്‍ രേഖപ്പെടുത്തുന്നു. ഇതാണ് നോട്ട്ബുക്ക് സെലിബ്രേഷന്‍ അര്‍ത്ഥമാക്കുന്നത്. ഈ സീസണില്‍ പല തവണ ദിഗ്‌വേഷ് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി. പഞ്ചാബ് കിങ്‌സിന്റെ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് എടുത്തുപ്പോഴായിരുന്നു ആദ്യം ദിഗ്‌വേഷ് നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തിയത്.
പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ നമന്‍ ധിറിനെയും വീഴ്ത്തിയപ്പോഴും ഈ സെലിബ്രേഷന്‍ ആവര്‍ത്തിച്ചു. രണ്ട് തവണയും ബിസിസിഐ ശക്തമായ നടപടി സ്വീകരിച്ചു. ആദ്യത്തെ തവണ മാച്ച് ഫീയുടെ 25 ശതമാനമായിരുന്നു പിഴ. രണ്ടാം തവണ 50 ശതമാനവും പിഴ വിധിച്ചു.
മുമ്പൊക്കെ മാച്ച് ഫീയുടെ 25 ശതമാനമെന്ന് പറഞ്ഞാല്‍ ലേലത്തില്‍ വിളിച്ചെടുക്കുന്ന തുകയില്‍ നിന്നാണ് കുറഞ്ഞുകൊണ്ടിരുന്നത്. അതായത് ലേലത്തില്‍ വിളിച്ച തുകയില്‍ എത്ര രൂപ ഒരു മത്സരത്തില്‍ കിട്ടുമെന്നതിന്റെ ഒരു ഭാഗം. എന്നാല്‍ ഇത്തവണ ഒരു മാറ്റമുണ്ട്. ഐപിഎല്‍ തുടങ്ങും മുമ്പ് ബിസിസിഐ മുന്‍ സെക്രട്ടറി ജയ് ഷാ ഒരു പ്രഖ്യാപനം നടത്തിയിരുന്നു.
ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ നല്‍കും. ഇന്ത്യന്‍ താരമായാലും വിദേശതാരമായാലും ഈ തുക ലഭിക്കും. സീസണില്‍ 14 മത്സരങ്ങള്‍ കളിക്കുന്ന ഒരു താരത്തിന് 1.05 കോടി രൂപ ലഭിക്കും. ഐപിഎല്‍ ടീമുകളാണ് താരങ്ങള്‍ക്ക് പണം നല്‍കേണ്ടത്. ഇതിനായി ഓരോ ടീമുകള്‍ക്കും ബിസിസിഐ 12.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദിഗ്‌വേഷിന്റെ കാര്യമെടുത്താല്‍ 7.5 ലക്ഷത്തില്‍ നിന്നാണ് 25 ശതമാനം ഫൈന്‍ അടയ്‌ക്കേണ്ടത്. ആദ്യ മത്സരത്തിലെ പിഴയ്ക്ക് 1,87,500 രൂപ പിഴ. പിന്നെ 50 ശതമാനമായി പിഴ ഉയര്‍ന്നപ്പോള്‍ ദിഗ്‌വേഷ് അടയ്‌ക്കേണ്ട തുക ഇരട്ടിയായി. അതായത് 3,75,000 രൂപ. ഇന്നലെ സണ്‍റൈസേഴ്‌സ് താരം അഭിഷേക് ശര്‍മയെ ദിഗ്‌വേഷ് വെറുതെവിട്ടില്ല. നോട്ട്ബുക്ക് സെലിബ്രേഷന് പിന്നാലെ ഡഗ്ഔട്ടിലേക്ക് മടങ്ങാനുള്ള ആഹ്വാനവും. വീണ്ടും 50 ശതമാനമാണ് ബിസിസിഐ പിഴയിട്ടത്. സീസണിലാകെ ദിഗ്‌വേഷ് പിഴയടക്കേണ്ട തുക 9,43,500 രൂപ.
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ ദിഗ്‌വേഷിന്റെ ലഖ്‌നൗ പുറത്തായിരിക്കുകയാണ്. വിലക്കുള്ളതിനാല്‍ അടുത്ത മത്സരത്തില്‍ ഗുജറാത്തിനെതിരെ ദിഗ്‌വേഷിന് ഇറങ്ങാനാകില്ല. എന്നാല്‍ ഇതു കൂടാതെ, ലീഗ് സ്‌റ്റേജില്‍ ഒരു മത്സരം കൂടി ലഖനൗവിന് ബാക്കിയുണ്ട്. അതില്‍ ദിഗ്‌വേഷ് ഇറങ്ങിയാല്‍, ഈ സീസണില്‍ ദിഗ്‍വേഷ് കളിച്ച മത്സരങ്ങളുടെ എണ്ണം 13 ആകും.
ഈ മത്സരങ്ങളില്‍ നിന്ന് 97,50,000 രൂപ ദിഗ്‌വേഷിന് ലഭിക്കും. ഇതോടൊപ്പം ലേലത്തുകയായ 30 ലക്ഷവും. ആകെ 1,27,50,000 രൂപ. ഇതില്‍ നിന്നും പിഴത്തുകയായ 9,43,500 രൂപ പോയാലും ദിഗ്‌വേഷിന്റെ പഴ്‌സില്‍ 11806500 രൂപ ബാക്കിയുണ്ടാകും.
Content Highlights: How much has Digvesh Rathi been fined in total so far?