ബദിയടുക്കയില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, പ്രചരണത്തിന് കെ സുരേന്ദ്രനെത്തിയിട്ടും തിരിച്ചടി
ബിജെപിയുടെ ഉറച്ച സീറ്റായിരുന്നു പട്ടാജെ
22 July 2022 8:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാസര്‍കോട്: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബദിയടുക്ക പഞ്ചായത്തിലെ ബിജെപിയുടെ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. 14-ാം വാര്‍ഡായ പട്ടാജെയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശ്യാമപ്രസാദാണ് വിജയിച്ചത്. ബിജെപിയുടെ ഉറച്ച സീറ്റായിരുന്നു പട്ടാജെ. ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നേരിട്ട് പ്രചാരണത്തിനെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ തവണ 150 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ച സീറ്റ് ഇത്തവണ 38 വോട്ടിനാണ് യുഡിഎഫ് പിടിച്ചെടുത്തത്. ബിജെപി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
കാസര്‍കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 5 പഞ്ചായത്ത് വാര്‍ഡുകളില്‍ 3 എണ്ണത്തില്‍ എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫുമാണ് വിജയിച്ചത്. കാഞ്ഞങ്ങാട് നഗരസഭയില്‍ തോയമ്മല്‍ ഡിവിഷനില്‍ സിപിഐഎമ്മിന്റെ എന്‍ ഇന്ദിര 464 വോട്ടിന് വിജയിച്ചു. സിപിഐഎം കൗണ്‍സിലര്‍ ജാനകിക്കുട്ടി മരിച്ചതിനാലായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കള്ളാര്‍ പഞ്ചായത്തില്‍ ആടകം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന് സണ്ണി എബ്രഹാം ഓണശേരി 34 വോട്ടിനാണ് വിജയിച്ചത്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ജോസ് ആനിമൂട്ടില്‍ വിശ്വമത്തിലായതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
കുമ്പള പഞ്ചായത്തിലെ പെര്‍വാഡില്‍ എല്‍ഡിഎഫിന്റെ എസ് അനില്‍ കുമാര്‍ 189 വോട്ടിനാണ് വിജയിച്ചത്. എല്‍ഡിഎഫ് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പള്ളിക്കര പഞ്ചായത്തില്‍ പള്ളിപ്പുഴ യുഡിഎഫ് നിലനിര്‍ത്തി. സമീറ 596 വോട്ടിനാണ് ഇവിടെ വിജയിച്ചത്. മുസ്ലീംലീഗിലെ നസീറ ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന് രാജിവെച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.
Story Highlights: Local Body Election UDF Won In BJP's Sitting Seat In Badiyadka
- TAGS:
- BJP
- Local Body Byelection
- UDF