'വിജയത്തിന്റെ മധുരം…തുടരും', പിണറായിക്ക് കേക്ക് നല്‍കി മുഹമ്മദ് റിയാസ്, ചിത്രം പങ്കുവെച്ച് മന്ത്രി

ആഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്കിന്റെ ഭാഗം റിയാസ് മുഖ്യമന്ത്രിക്ക് നല്‍കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്

dot image

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'വിജയത്തിന്റെ മധുരം…തുടരും' എന്ന ക്യാപ്ഷനോടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി മുറിച്ച കേക്കിന്റെ ഭാഗം റിയാസ് മുഖ്യമന്ത്രിക്ക് നല്‍കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ് കുമാര്‍ തുടങ്ങിയവരും സമീപമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ആഘോഷ പരിപാടികള്‍ പല ഭാഗങ്ങളിലായി നടക്കുകയാണ്. ഇന്ന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതലുള്ള നേട്ടങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ എണ്ണിപ്പറഞ്ഞിരുന്നു.

വികസനത്തിന്റെയും പുരോഗതിയുടെയും ഒമ്പത് വര്‍ഷങ്ങളായിരുന്നു പിന്നിട്ടതെന്നും നവകേരളനയമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം എന്ന സ്വപ്നത്തിലേക്കടുത്തുവെന്നും ഏതാനും ചുവടുകള്‍ കൂടിയേ ഇനി മുന്നിലുള്ളൂവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

'കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. ജില്ലകള്‍ കേന്ദ്രീകരിച്ച് സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷം നടക്കുകയാണ്. എല്ലാത്തിനും മികച്ച പങ്കാളിത്തമാണുള്ളത്. ക്രിയാത്മക ചര്‍ച്ചകളുടെ വേദികൂടിയാണത്. സാമ്പത്തിക വികസനവും സാമൂഹ്യ നീതിയും ഒരുമിച്ച് കൊണ്ടു പോകണം. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വാര്‍ഷിക വേളകളില്‍ പൊതുജനത്തിന് നല്‍കാറുണ്ട്. പല പ്രതിസന്ധികളുമുണ്ടായി. അതിനെ അതിജീവിച്ച് മുന്നേറുകയാണ്', മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: Minister Riyaz shared pic with CM Pinarayi Vijayan

dot image
To advertise here,contact us
dot image