'വാഗ്നർ മേധാവി പ്രി​ഗോസിൻ ഇവിടെയുണ്ട്'; ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ

'വാ​ഗ്നർ സേനയുടെ ആയുധങ്ങൾ റഷ്യൻ സേനക്ക് കൈമാറാനുളള നടപടികൾ പുരോ​ഗമിക്കുകയാണ്'
'വാഗ്നർ മേധാവി പ്രി​ഗോസിൻ ഇവിടെയുണ്ട്'; ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ

മിൻസ്ക്: റഷ്യൻ കൂലിപ്പട്ടാളമായ വാ​ഗ്നർ‌ സേനയുടെ മേധാവി യെവ്ജെനി പ്രി​ഗോസിൻ ബെലാറൂസിൽ എത്തിയെന്ന് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോ. ക്രെംലിന് നേരെയുളള വാ​ഗ്നനർ‌ സേനയുടെ അട്ടിമറി ശ്രമം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹം ബെലാറൂസിൽ എത്തിയത്.

'റഷ്യക്ക് നേരെയുളള അട്ടിമറി ശ്രമത്തിന് അവസാനമായതോടെയാണ് അറുപത്തിരണ്ടുകാരനായ വാ​ഗ്നർ ​ഗ്രൂപ്പിന്റെ മേധാവി ബെലാറൂസിലേക്ക് കടന്നത്. അദ്ദേഹത്തിനും വാ​ഗ്നർ സേനയിലെ അം​ഗങ്ങൾക്കും സ്വന്തം ചെലവിൽ കുറച്ചുകാലം താമസിക്കുന്നതിന് ബെലാറൂസിലേക്ക് സ്വാ​ഗതം,' അലക്സാണ്ടർ ലുക്കാഷെങ്കോ പറഞ്ഞു.

വാ​ഗ്നർ സേനയുടെ ആയുധങ്ങൾ റഷ്യൻ സേനക്ക് കൈമാറാനുളള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. റഷ്യൻ സൈന്യത്തിന് കീഴിൽ സേവനമനുഷ്ഠിക്കുന്നതിനുളള കരാറുകളിൽ ഒപ്പിടുന്നതിനുളള സമയപരിധി ജൂലൈ ഒന്നിന് തീരും. ഇതിന് മുമ്പായി ആയുധങ്ങൾ കൈമാറാൻ തയ്യാറെടുക്കുകയാണെന്ന് പ്രി​ഗോസിൻ പറഞ്ഞിരുന്നു.

പ്രി​ഗോസിനും സൈന്യത്തിനും നേരെയുളള എല്ലാ ക്രിമിനൽ കേസുകളും പിൻവലിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചിരുന്നു. 24 മണിക്കൂർ നീണ്ട സായുധ കലാപത്തിൽ പങ്കാളികളായവരെല്ലാം ക്രിമിനൽ പ്രവർത്തനങ്ങൾ ചെയ്യുന്നത് അവസാനിപ്പിച്ചിട്ടുണ്ടെന്ന് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് പറഞ്ഞു.

അതേസമയം പ്രി​ഗോസിന്റെ വാ​ഗ്നർ സൈന്യത്തിന് നേരെ വ്ളാദിമർ പുടിൻ സാമ്പത്തിക ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. സൈന്യത്തിന്റെ ഭക്ഷണാവശ്യങ്ങൾക്ക് വാ​ഗ്നർ ​ഗ്രൂപ്പ് 80 ബില്യൺ റൂബിൾസ് സ്വന്തമാക്കി. കഴിഞ്ഞ വർഷം 86 ബില്യൺ റൂബിളും വാ​ഗ്നർ സൈന്യം വാങ്ങിയിട്ടുണ്ടെന്നും പുടിൻ ആരോപിച്ചു. ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുക്കാഷെങ്കോയുടെ സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് സായുധ കലാപത്തിൽ നിന്ന് വാ​ഗ്നർ സേന പിൻവാങ്ങിയത്. അട്ടിമറി ശ്രമം അവസാനിപ്പിച്ചതിന് ശേഷം റഷ്യ വീണ്ടും യുക്രെയ്നിൽ പിടിമുറുക്കിയിട്ടുണ്ട്. കിഴക്കൻ യുക്രെയ്നിലെ റസ്റ്റോറന്റിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com