'ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയം'; ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് യുകെ

ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

dot image

ലണ്ടൻ: ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. നികൃഷ്ടമായ നയം തുടരുന്ന ഇസ്രായേലുമായി സഹകരിക്കാനാകില്ലെന്ന് യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറ‍ഞ്ഞു.

വെസ്റ്റ് ബാങ്കിൽ അനധികൃതമായി ഇസ്രയേൽ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ്. ഇസ്രായേലുമായുള്ള യുകെയുടെ വ്യാപാര കരാർ ഇപ്പോഴും നിലവിലുണ്ട്. എന്നാൽ ഗാസയിൽ അതിക്രൂരമായ നയങ്ങളാണ് ഇസ്രയേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇസ്രയേലി സർക്കാരുമായി പുതിയ ചർച്ചകൾ ആരംഭിക്കാൻ കഴിയില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയ്ക്കുള്ള സഹായം 11 ആഴ്ചത്തേക്കാണ് ഇസ്രയേൽ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് ക്രൂരവും ന്യായീകരിക്കാൻ കഴിയാത്തതുമായ ഒന്നാണെന്നും ലാമി കൂട്ടിച്ചേർത്തു.

ഗാസയിൽ ആക്രമണം ഇനിയും തുടർന്നാൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. നടപടി സ്വീകരിച്ചിരിക്കുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് നടപടിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്നും യുകെ സർക്കാർ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു. ഇസ്രയേൽ സൈനിക പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാനും മാനുഷിക സഹായം ഉടൻ അനുവദിക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ലോ​ക രാജ്യങ്ങള്‍ക്ക് ഇന്നലെ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മറുപടി നൽകിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പലസ്തീനികളെ കൂട്ടത്തോടെ കുടിയിറക്കും. ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാതൃക എല്ലാ യൂറോപ്യൻ നേതാക്കളും പിന്തുടരണം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാൽ, ആയുധം താഴെ വെച്ചാൽ നാളെ യുദ്ധം അവസാനിക്കും. കൊലപാതകികളായ നേതാക്കളെ ഗാസയിൽ നിന്നും നാട് കടത്തണമെന്ന് നെതന്യാഹു പറഞ്ഞിരുന്നു. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയാണ് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്നത്. ഹമാസിനെതിരെ പൂർണ്ണ വിജയം നേടുന്നതിനായി തന്റെ രാജ്യം പരിശ്രമിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 98 ആയെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: UK suspends free trade talks with Israel

dot image
To advertise here,contact us
dot image