'സൂര്യൻ' ഇടപെട്ടു, ബ്രഡിന്റെ വില കുറഞ്ഞു; എങ്ങനെയെന്ന് അറിയാമോ?

ബേക്കിംഗ് വ്യവസായത്തിൽ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഈ കണ്ടുപിടിത്തം. 2030 ഓടുകൂടി വൈദ്യുതിയും ഡീസലുമുപയോഗിച്ച് ബേക്ക് ചെയ്യുന്നത് പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് സ്ഥാപകരുടെ പ്രതീക്ഷ
'സൂര്യൻ' ഇടപെട്ടു, ബ്രഡിന്റെ വില കുറഞ്ഞു; എങ്ങനെയെന്ന് അറിയാമോ?

സൂര്യപ്രകാശത്തിലൂടെ ബ്രഡിന്റെ വില കുറയ്ക്കാൻ സാധിക്കുമോ? കേൾക്കുന്നവരെ അതിശയിപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം ഇത് സാധിക്കുമെന്നാണ്. മധ്യ ഏഷ്യൻ രാജ്യമായ ലബനനിലാണ് സൂര്യന്റെ ചൂടിൽ പ്രവർത്തിക്കുന്ന പ്രകൃതിദത്ത ഓവൻ കണ്ടുപിടിച്ചത്. ലെബനനിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ പരിഹാരമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന സംവഹന ഓവൻ കണ്ടുപിടിച്ചത് ടൗഫിക് ഹംദാൻ എന്നയാളാണ്. മൂന്ന് വർഷമായി സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ലബനനിലെ ജനങ്ങൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് പ്രകൃതിദത്ത ഓവൻ. ഭക്ഷണ പദാർത്ഥങ്ങൾക്ക് വലിയ തോതിൽ വില കൂടിയിരുന്നു. ബ്രെഡ് പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങാൻ പണമില്ലാതെ വലയുന്ന സാഹചര്യത്തിലാണ് ഈ കണ്ടുപിടിത്തം ജനങ്ങൾക്ക് ഉപകാരപ്പെട്ടത്.

ഉൽപ്പാദന ചെലവ് കുറയുന്നതിലൂടെ ജനങ്ങൾക്ക് അവർക്ക് ഉൾക്കൊള്ളാവുന്ന തരത്തിലുള്ള രീതിയിൽ ഭക്ഷണം ലഭ്യമാകാൻ പ്രകൃതിദത്ത ഓവൻ വലിയ തോതിൽ സഹായകമായി. അതോ‍ടൊപ്പം ഡീസൽ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രകൃതിയോടിണങ്ങിയ തികച്ചും പ്രകൃതി ദത്തമായ സൗരോർജ ഓവന് സാധിക്കും. ബെയ്റൂട്ടിന് 27 കിലോമീറ്റർ തെക്കായി ലെബനൻ ഗ്രാമമായ റെംഹാലയിലെ ഒരു ബേക്കറിയുടെ മേൽക്കൂരയിലാണ് പാർട്ട്നേഴ്സ് വിത്ത് സൺ എന്ന സ്റ്റാർട്ട് അപ് സോളാർ പവർ സിസ്റ്റം സ്ഥാപിച്ചത്. സൂര്യന്റെ പ്രകാശരശ്മികൾ ആഗിരണം ചെയ്ത് ചൂട് വലിച്ചെടുത്ത് സൗരോർജ ഓവൻ പ്രവർത്തിപ്പിക്കുന്നു. ഏകദേശം 300 സെൽഷ്യസ് താപനിലയിൽ ബേക്ക് ചെയ്യാൻ ഓവൻ സഹായിക്കുന്നു.

സൗരോർജ ഓവൻ ബേക്കറി ഉടമകൾക്ക് വലിയ രീതിയിലുളള ലാഭമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. ഏകദേശം 80 ശതമാനത്തോളം ലാഭമാണ് ഇതിലൂടെ സാധിക്കുക എന്ന് പാർട്ട്നേഴ്സ് വിത്ത് സണ്ണിന്റെ സഹ സ്ഥാപകനും ഓപ്പറേഷൻ മാനേജറുമായ ഹിതാഫ് ഗസൽ അന്താരാഷ്ട്ര വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ഇങ്ങനെ ഒരു മാസത്തിൽ കുറഞ്ഞത് 10 ടൺ ഡീസലാണ് ഓരോ ബേക്കറിയും ലാഭിക്കുന്നത് എന്ന് സഹസ്ഥാപകൻ ഹംദാനും കൂട്ടിച്ചേർത്തു. ബേക്കിംഗ് വ്യവസായത്തിൽ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഈ കണ്ടുപിടിത്തം. പുനരുപയോഗിക്കാവുന്ന ഊർജം നൽകുന്നതിലൂടെ ഊർജോൽപാദന ചെലവുകളും ഭക്ഷണ സാധനത്തിന്റെ വിലയും ഗണ്യമായി കുറക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട് എന്നാണ് സ്ഥാപകർ പറയുന്നത്. സൗരോർജ ഓവന്റെ പേറ്റന്റ് നിലവിൽ നെതർലാൻഡിലാണ്. 2030 ഓടുകൂടി വൈദ്യുതിയും ഡീസലുമുപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ഉത്പാദനം പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാപകർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com