Top

'ജീവിതത്തെ എഴുത്തില്‍ ആവാഹിക്കുന്ന സാഹിത്യകാരി'; എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

1 Nov 2021 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവിതത്തെ എഴുത്തില്‍ ആവാഹിക്കുന്ന സാഹിത്യകാരി; എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്
X

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമായ പി വത്സലയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് 29മത് എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ എഴുത്തുകാരിയായാണ് പി വത്സല. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പാര്‍ശ്വവത്കരിക്കപ്പെടുന്ന ജീവിതത്തെ എഴുത്തില്‍ ആവാഹിക്കുന്ന എഴുത്തുകാരിയെന്ന് വിലയിരുത്തിയാണ് ജൂറിയുടെ തീരുമാനം. നേരത്തെ പി വത്സലയുടെ നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

കാനങ്ങോട്ട് ചന്തു ഇ പത്മാവതി ദമ്പതികളുടെ മകളായി 1938 ഏപ്രില്‍ 4ന് കോഴിക്കോടായിരുന്നു പി വത്സലയുടെ ജനനം. അധ്യാപന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള പി വത്സല കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിങ് സ്‌കൂളില്‍ പ്രധാനാധ്യാപികയായാണ് വിരമിച്ചത്. കേരള സാഹിത്യ അക്കാദമി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടള്ള വ്യക്തിയുമാണ് വത്സല.

നിഴലുറങ്ങുന്ന വഴികള്‍, നെല്ല്, ആഗ്‌നേയം, അരക്കില്ലം, ഗൗതമന്‍, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, നമ്പരുകള്‍, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാവല്‍ക്കാരന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്വര, തകര്‍ച്ച എന്നിവയാണ് പ്രധാനകൃതികള്‍.

Next Story