
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയത്തിന് പിന്നാലെ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. രാജസ്ഥാനെതിരായ പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ പരാജയമാണ് ചെന്നൈ വഴങ്ങിയത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടിയപ്പോള്‍ 17 പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം പിന്നിടുകയായിരുന്നു.
This one is for you, Rajasthan. Thank you 💗 pic.twitter.com/fUKshEPlyA
— Rajasthan Royals (@rajasthanroyals) May 20, 2025
ഇതിന് പിന്നാലെയാണ് ചെന്നൈയുടെ ബാറ്റിങ് ഓര്‍ഡറിനെ വിമര്‍ശിച്ച് സ്‌റ്റെയ്ന്‍ രംഗത്തെത്തിയത്. മൂന്ന് വിക്കറ്റുകള്‍ വീണ സാഹചര്യത്തില്‍ ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എം എസ് ധോണി എന്നിവരെ മറികടന്ന് ജഡേജ, അശ്വിന്‍ എന്നിവരെ നേരത്തെ അയയ്ക്കാനുള്ള തീരുമാനം ഡെയ്ല്‍ സ്റ്റെയ്നെ അത്ഭുതപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം മാനേജ്‌മെന്റിനെയും ധോണിയെയും സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
''സിഎസ്‌കെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി നില്‍ക്കുകയാണ്. അപ്പോള്‍ അവര്‍ രണ്ട് ബോളര്‍മാരെ ബാറ്റ് ചെയ്യാന്‍ അയയ്ക്കുന്നു. ചിലപ്പോള്‍ അവരുടെ കണക്കുകള്‍ പിഴക്കുന്നു എന്ന് എനിക്ക് തോന്നും', സ്‌റ്റെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
CSK 3 down and they send 2 bowlers to bat.
— Dale Steyn (@DaleSteyn62) May 20, 2025
Sometimes I feel their math is not mathing.
ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് രണ്ട് ഓവറിനുള്ളില്‍ വെറും 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പവര്‍പ്ലേ അവസാനിക്കുന്നതിന് മുന്‍പുതന്നെ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡറില്‍ യുവതാരം ആയുഷ് മാത്രെ മാത്രമാണ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചത്. വെറും 20 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ യുവതാരം ആറാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ പുറത്തായി. ഇതോടെ ചെന്നൈയ്ക്ക് താളം നഷ്ടമാവുകയും ചെയ്തു.
തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ ചെന്നൈ പിന്നീടും ആരാധകരെ ഞെട്ടിച്ചു. രണ്ടാം ഓവറില്‍ രണ്ടാം വിക്കറ്റ് വീണതിനുശേഷം, സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ നാലാം നമ്പറില്‍ ഇറക്കി. ആയുഷ് മാത്രെ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ അശ്വിനൊപ്പം മധ്യനിരയില്‍ എത്തുകയും ചെയ്തു. ഇതാണ് ചെന്നൈയുടെ പരാജയത്തിന് പിന്നിലെ കാരണമെന്നാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ വിശ്വസിക്കുന്നത്.
Content Highlights: '3 down and they send 2 bowlers'; Dale Steyn slams CSK for bizarre batting tactics