'പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ നയിക്കുന്നത്, പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കും';രാഹുൽഗാന്ധി

രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് കോൺഗ്രസും എക്സിൽ കുറിച്ചു

dot image

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കുറിപ്പുമായി മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. പിതാവിന്റെ ഓർമകളാണ് ഓരോ ചുവടുവെപ്പിലും തന്നെ നയിക്കുന്നതെന്നും പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് ദൃഢനിശ്ചയമെന്നും രാഹുൽ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.

'പപ്പാ, നിങ്ങളുടെ ഓർമകളാണ് എന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നത്. നിങ്ങളുടെ പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ് എന്റെ ദൃഢനിശ്ചയം. ഞാൻ തീർച്ചയായും അവ നിറവേറ്റും', രാഹുൽ കുറിച്ചു.

രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് കോൺഗ്രസും എക്സിൽ കുറിച്ചു. രാവിലെ സമാധിസ്ഥലമായ വീർഭൂമിയിൽ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പുഷ്പാർച്ചന നടത്തി. 'രാഷ്ട്രത്തിനുവേണ്ടി ജീവിതം സമർപ്പിച്ച് ത്യാഗം ചെയ്ത രാജീവ് ജിയുടെ ശാശ്വത ദർശനം നമ്മുടെ പാതകളെ നയിക്കുന്നു', കോൺഗ്രസ് കുറിച്ചു.

വീർഭൂമിയിൽ പുഷ്പാർച്ചന നടത്തുന്ന മല്ലികാർജുൻ ഖർഗെ

ഇന്ത്യയുടെ മഹാനായ പുത്രൻ രാജീവ് ഗാന്ധി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ പ്രതീക്ഷ ഉണർത്തിയെന്ന് മല്ലികാർജുൻ ഖർഗെ കുറിച്ചു. '21-ാം നൂറ്റാണ്ടൽ ഇന്ത്യ അഭിമുഖീകരിക്കേണ്ടതായി വരുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ധീരവുമായ ഇടപെടലുകൾ നിർണായകമായിരുന്നു. വോട്ട് ചെയ്യാനുള്ള പ്രായം 18 ആയി കുറയ്ക്കുക, വോട്ടവകാശം ശക്തിപ്പെടുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

1991-ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി എല്ലാ വർഷവും മെയ് 21 ദേശീയ തീവ്രവാദ വിരുദ്ധ ദിനമായി ആചരിക്കുന്നു.

Content Highlights: Rahul Gandhi and Kharge pay tribute to former PM Rajiv Gandhi

dot image
To advertise here,contact us
dot image