
ജെറുസലേം: സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച യു കെ നടപടിയോട് പ്രതികരിച്ച് ഇസ്രയേൽ. കരാറിന്റെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ഇതിന് മുൻപും യു കെ സർക്കാർ തയ്യാറായിരുന്നില്ലെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ന്യായീകരിക്കാൻ കഴിയാത്തതും ഖേദകരവുമായ നിലപാടാണ് യു കെ ഗവൺമെന്റിന്റെ തീരുമാനമെന്നും പ്രസ്താവനയിൽ പറയുന്നു.
ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെയ്ക്കുന്നതായി യു കെ നേരത്തെ അറിയിച്ചിരുന്നു. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. നികൃഷ്ടമായ നയം തുടരുന്ന ഇസ്രായേലുമായി സഹകരിക്കാനാകില്ലെന്ന് യു കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
വെസ്റ്റ് ബാങ്കിൽ അനധികൃതമായി ഇസ്രയേൽ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണ്. ഇസ്രായേലുമായുള്ള യുകെയുടെ വ്യാപാര കരാർ ഇപ്പോഴും നിലവിലുണ്ട്. എന്നാൽ ഗാസയിൽ അതിക്രൂരമായ നയങ്ങളാണ് ഇസ്രയേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇസ്രയേലി സർക്കാരുമായി പുതിയ ചർച്ചകൾ ആരംഭിക്കാൻ കഴിയില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയ്ക്കുള്ള സഹായം 11 ആഴ്ചത്തേക്കാണ് ഇസ്രയേൽ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് ക്രൂരവും ന്യായീകരിക്കാൻ കഴിയാത്തതുമായ ഒന്നാണെന്നും ലാമി കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 98 ആയെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Israel Responds to UK Action by Suspending Free Trade Talks with Israel