
ഐപിഎൽ 2025 സീസണിലെ തങ്ങളുടെ മുഴുവൻ മത്സരവും രാജസ്ഥാൻ റോയൽസ് പൂർത്തിയാക്കിയിരിക്കുകയാണ്. 14 മത്സരങ്ങൾ കളിച്ചപ്പോൾ നാല് ജയവും പത്ത് തോൽവിയുമായി എട്ട് പോയിന്റായിരുന്നു ടീം നേടിയത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്നലെ നടന്ന അവസാന മത്സരത്തിൽ ജയിക്കാനായത് ആശ്വാസമായി. ഇന്നലെ ആറ് വിക്കറ്റിന്റെ ഗംഭീര ജയമാണ് രാജസ്ഥാൻ നേടിയത്. ഇതോടെ അവസാന സ്ഥാനക്കാർ എന്ന നാണക്കേട് ഒഴിവാക്കാനും ടീമിനായി.
അവസാന മത്സരമായത് കൊണ്ട് തന്നെ മത്സര ശേഷം കുറച്ചധികം സമയം രാജസ്ഥാൻ താരങ്ങൾ ഗ്രൗണ്ടിൽ സമയം ചെലവഴിച്ചു. ഇതിനിടയിൽ രാജസ്ഥാന്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ ഗ്യാലറിയിലെ ചെന്നൈ സൂപ്പർ കിങിസിന്റെ കുട്ടി ആരാധകന് തൊപ്പി നൽകിയത് ഹൃദയം നിറയ്ക്കുന്ന കാഴ്ചയായി. രാജസ്ഥാൻ ടീം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു.
അതേസമയം സീസണിൽ സഞ്ജുവിന് അത്ര മികച്ച രീതിയിൽ ശോഭിക്കാനായിട്ടില്ല. പരിക്കുമൂലം അഞ്ചോളം മത്സരങ്ങളിൽ കളിക്കാതിരിക്കുന്ന താരത്തിന് ആകെ മൊത്തം 285 റൺസാണ് നേടാനായത്. ഒരു അർധ സെഞ്ച്വറിയുടെ അകമ്പടിയോടെ 145 സ്ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റിങ് പ്രകടനം.
Content Highlights: Sanju gives cap to Chennai fan who asked for autograph; Video goes viral