
ഇന്റര്നാഷണല് ബുക്കര്‍ പ്രൈസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ചെറുകഥാസമാഹാരം പുരസ്‌കാരത്തിന് അര്‍ഹമായിരിക്കുകയാണ്. സ്വന്തമാക്കിയതോ ഒരു ഇന്ത്യന്‍ എഴുത്തുകാരിയും. സ്ത്രീ അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ഉരുക്കിയെടുത്ത കഥകളുമായെത്തിയ, കര്‍ണാടകക്കാരിയായ ബാനു മുഷ്താഖ് നടന്നുകയറിയത് ലോക സാഹിത്യത്തിന്റെ നെറുകയിലേക്കാണ്. ഇംഗ്ലിഷിലേക്ക് തര്‍ജമ ചെയ്ത കൃതികളാണ് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിനായി മത്സരിക്കുന്നത്. ഈ വര്‍ഷം ആറ് പുസ്തകങ്ങളടങ്ങിയ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലെ ഏക ചെറുകഥാ സമാഹാരമായിരുന്നു മുഷ്താഖിന്റെ ഹാര്‍ട്ട് ലാംപ്.
വിവര്‍ത്തകയായ ദീപ്തി ബസ്തിയും ബാനു മുഷ്താഖും കൂടി പുരസ്‌കാരം പങ്കുവെക്കുമ്പോള്‍ ലോകസാഹിത്യത്തിന്റെ മുറ്റത്തേക്ക് ഇന്ത്യ ഒരിക്കല്‍ കൂടി നടന്നു കയറിയിരിക്കുകയാണ്. 2022ല്‍ ഗീതാഞ്ജലി ശ്രീ ആയിരുന്നു വിവര്‍ത്തകനായ ഡെയ്‌സി റോക്ക്‌വെല്ലിനൊപ്പം ടൂംബ് ഓഫ് സാന്‍ഡ് എന്ന കൃതിയ്ക്ക് പുരസ്‌കാരം സ്വന്തമാക്കിയത്.
കര്‍ണാടകയിലെ ഹാസനില്‍ 1948ലാണ് ബാനു മുഷ്താഖിന്റെ ജനനം. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച്, മദ്രസയില്‍ ഉര്‍ദുവില്‍ പ്രാഥമിക വിദ്യാഭ്യാസവുമായി മുന്നോട്ടു പോകുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ പിതാവിന്റെ ചില തീരുമാനങ്ങള്‍ ബാനുവിന്റെ ജീവിതത്തില്‍ വഴിത്തിരിവുകയായിരുന്നു. എട്ടാം വയസില്‍ അച്ഛന്‍ കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ത്തു. ആദ്യം കന്നഡ പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അത് ബാനുവിന്റെ ആത്മപ്രകാശനത്തിനുള്ള വഴിയായി മാറി.
പുരുഷാധിപത്യത്തോടും മതചട്ടക്കൂടുകളോടും പൊരുതിക്കൊണ്ടായിരുന്നു ചെറുപ്പം മുതലേ ബാനു വളര്‍ന്നത്. പഠനത്തിലും ജോലിയിലും ജീവിതത്തിലുമെല്ലാം അവര്‍ വേറിട്ട പാതകള്‍ സ്വീകരിച്ചു. കോളേജില്‍ പോയി പഠിച്ചു, ഇഷ്ടപ്പെട്ടയാളെ പ്രണയിച്ച് വിവാഹം ചെയ്തു, അങ്ങനെ അന്നത്തെ നാട്ടുനടപ്പ് രീതികളില്‍ നിന്നും മുഷ്താഖ് മാറിനടന്നു. വിവാഹജീവിതത്തിന്റെയും മാതൃത്വത്തിന്റെയും തുടക്കനാളുകളില്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും അതൊന്നും മുഷ്താഖിനെ തളര്‍ത്തിയില്ല.
സ്‌കൂള്‍ കാലം മുതലേ കഥകള്‍ എഴുതുമായിരുന്നെങ്കിലും, 29ാം വയസില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ നടത്തിയ രചനകളാണ് മുഷ്താഖ് ബാനുവിനെ സാഹിത്യപ്രേമികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. സ്ത്രീകളെ സ്വയം തീരുമാനമെടുക്കാന്‍ സമ്മതിക്കാത്ത എല്ലാ വ്യവസ്ഥിതികളോടും അവര്‍ വാക്കിലൂടെ കലഹിച്ചു. മതവും രാഷ്ട്രീയവും പുരുഷാധിത്യവും തുടങ്ങി പലതും പലപ്പോഴും എതിര്‍ചേരിയില്‍ നിന്നു.
യാതനകള്‍ നിറഞ്ഞ, അടിച്ചമര്‍ത്തലുകള്‍ ഏറ്റുവാങ്ങുന്നവരുടെ മാത്രം പ്രതിരൂപമായി ഇന്ത്യയിലെ മുസ്ലിം സ്ത്രീകളെ അവതരിപ്പിക്കുന്ന കാഴ്ചപ്പാടില്‍ മാറ്റം കൊണ്ടുവരാന്‍ ബാനുവിന്റെ രചനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എഴുതിയ കൃതികളിലെല്ലാം അവര്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ, പ്രതിരോധത്തിന്റെയും സ്ഥൈര്യത്തിന്റെയും ആള്‍രൂപങ്ങളായി കൂടി തനിക്ക് ചുറ്റുമുള്ള മുസ്ലിം സ്ത്രീ ജീവിതങ്ങളെ അവതരിപ്പിച്ചു. ആഖ്യാനശൈലിയിലെ പുതുമയും ഈ എഴുത്തുകാരിയിലേക്ക് വായനക്കാരെ ആകര്‍ഷിച്ചു.
ഹാര്‍ട്ട് ലാംപ് എന്ന സമ്മാനാര്‍ഹമായ സമാഹാരവും മുസ്ലിം സ്ത്രീജീവിതങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. 1993 മുതല്‍ വിവിധ വര്‍ഷങ്ങളിലായി ബാനു രചിച്ച കഥകളില്‍ ദക്ഷിണേന്ത്യയിലെ ഉള്‍നാടുകളിലെ മുസ്ലിം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ജീവിതങ്ങളാണ് കടന്നുവരുന്നത്. ആത്മകഥാംശമുള്ളവയും ഇക്കൂട്ടത്തിലുണ്ട്. ഹാര്‍ട്ട് ലാംപ് കൂടാതെ, ആറ് ചെറു കഥാസമാഹാരങ്ങളും ഒരു നോവലും ലേഖനങ്ങളുടെ സമാഹാരവും ബാനു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹസീന മത്തു ഇതാര കഥേഗലു, ഹെന്നു ഹാദിന സ്വയംവര തുടങ്ങിയവ വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവയായി മാറി. ഇതില്‍ കാരി നഗരഗലു എന്ന കഥ ഹസിന എന്ന സിനിമയായി. ഇതിനിടെ, കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരവും ദാനചിന്താമണി അത്തിമബ്ബ പുരസ്‌കാരവും ബാനുവിനെ തേടിയെത്തി.
സാഹിത്യരചനയ്‌ക്കൊപ്പം ലങ്കേഷ് പത്രികയിലും ഓള്‍ ഇന്ത്യ റേഡിയോയിലും വിവിധ കാലഘട്ടങ്ങളിലായി ബാനു ജോലി ചെയ്തു. കര്‍ണാടകയിലെ വിവിധ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി യാത്ര ചെയ്തു. ബന്ദായ സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി കര്‍ണാടകയ്ക്ക് പുറത്തേക്കും ബാനു സഞ്ചരിച്ചിരുന്നു. സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്ന മനുഷ്യരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുമായി ഇടപഴകാന്‍ കഴിഞ്ഞതാണ് തന്റെ എഴുത്തിന് കരുത്ത് പകര്‍ന്നതെന്ന് ബാനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നും പടിയിറങ്ങി അഭിഭാഷകമേഖലയിലേക്കും ഇതിനിടെ അവര്‍ പഠിച്ചു കയറിയിരുന്നു. ഈ 77ാം വയസിലും നിയമവഴിയില്‍ പോരാട്ടാങ്ങളുമായി ബാനു മുഷ്താഖ് സജീവമാണ്.
നിലപാടുകള്‍ തുറന്നുപറഞ്ഞ് കൊണ്ടുള്ള യാത്രയായതിനാല്‍ തന്നെ കഠിനമായ എതിര്‍പ്പുകളെയും ഈ എഴുത്തുകാരിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാനു രംഗത്ത് വന്നത് തന്നെ ഉദാഹരണം. ഇതില്‍ ക്രുധരായ മുസ്ലിം പുരോഹിത നേതൃത്വങ്ങളില്‍ ചിലര്‍ ഫത്‌വ പുറപ്പെടുവിച്ചു. നിരന്തരം ഭീഷണി ഫോണ്‍ കോളുകള്‍ വന്നു. ഏറെ ഭയപ്പെടുത്തിയ മറ്റൊരു അനുഭവവുമുണ്ടായി. ഒരാള്‍ കത്തിയുമായി ബാനുവിനെ ആക്രമിക്കാനെത്തി. ആ സമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അയാളെ കായികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്ന അനുഭവങ്ങളാണെങ്കിലും അവയ്‌ക്കൊന്നും ബാനുവിനെ തകര്‍ക്കാനായില്ല.
തന്റെ ആദര്‍ശങ്ങളിലൂന്നി കൊണ്ട് തന്നെയാണ് അവര്‍ ഇന്നും മുന്നോട്ടു പോകുന്നത്. 'പുരുഷാധിപത്യപരമായ മത ധാരണകളെ ഞാന്‍ എഴുത്തിലൂടെ നിരന്തരം വെല്ലുവിളിച്ചിട്ടുണ്ട്. ഇനിയും തുടരും. സമൂഹം ഇന്ന് ഏറെ മാറിക്കഴിഞ്ഞു. പക്ഷെ അപ്പോഴും അടിസ്ഥാന പ്രശ്‌നങ്ങള്‍ തുടരുകയാണ്. സ്ത്രീകളുടെയും അരികുവത്കരിക്കപ്പെട്ട് മറ്റ് ജനവിഭാഗങ്ങളുടെയും പ്രതിസന്ധികള്‍ ഇന്നും തുടരുകയാണ്,' ബാനു പറയുന്നു. ഉള്ളിലെ ഈ സാമൂഹ്യപ്രവര്‍ത്തനത്തിന്റെ ജ്വാലയില്‍ ആയിരിക്കണം, ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് പുരസ്‌കാരത്തെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അവര്‍ കാണുന്നത്. കന്നഡ ഭാഷയുടെയും സാഹിത്യത്തിന്റെയും മികവും സാധ്യതകളുമാണ് ഈ അംഗീകാരം ചൂണ്ടിക്കാണിക്കുന്നത്. ഒരു കൂട്ടം മിന്നാമിനുങ്ങുകള്‍ ചേര്‍ന്ന് രാവിനെ പ്രകാശപൂരിതമാക്കും പോലെയാണ് ഈ നിമിഷമെന്ന് ബാനു മുഷ്താഖ് പറയുന്നു.
Content Highlights: Who is Banu Mushtaq, winner of International Booker Prize