നിങ്ങളുടെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുതലാണോ? അറിയാം ഈ വഴികളിലൂടെ

കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുതലാണോ എന്ന് എങ്ങനെ മനസിലാക്കാം?

dot image

സമൂഹമാധ്യമങ്ങളുടെ കടന്നുവരവും, പുസ്തകങ്ങളുടെയടക്കം ഡിജിറ്റലൈസേഷനും നമ്മുടെ സ്‌ക്രീന്‍ ടൈം കൂട്ടാന്‍ കാരണമായിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ പോലും ഫോണില്‍ നോക്കുന്നവരാണ് ഭൂരിഭാഗം പേരും.

കുട്ടികളും ഈ ശീലങ്ങളിലൂടെ തന്നെയാണ് മിക്കവാറും വീടുകളില്‍ കടന്നുപോകുന്നത്. എന്നാല്‍ നിങ്ങളുടെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം കൂടുതലാണോ എന്ന് എങ്ങനെ മനസിലാക്കാം?

വളരെ എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള മനസാണ് കുട്ടികളുടേത്. ഫോണോ ടിവിയോ ലാപ്ടാപ്പോ ആകട്ടെ, സ്ക്രീനില്‍ മിന്നിമറയുന്ന ദൃശ്യങ്ങള്‍ അവരെ അമ്പരപ്പെടുത്തും. എന്നാല്‍ ഈ ഉപയോഗം കൂടുതലാകുമ്പോള്‍ അവരുടെ ശ്രദ്ധ കുറയുകയും, പ്രവര്‍ത്തികള്‍ മന്ദഗതിയിലാവുകയും ചെയ്യും. എന്തെങ്കിലും ഏകാഗ്രതയോടെ ചെയ്യാന്‍ ശ്രമിച്ചാലും മനസ് മറ്റൊരിടത്തായിരിക്കും.

സ്‌ക്രീനില്‍ കഥാപാത്രങ്ങളില്‍ താല്‍പര്യം തോന്നുന്ന കുട്ടികള്‍ അവരുടെ വരവിനായി കാത്തിരിക്കും. ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് പലപ്പോഴും ഈ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കാണാനുള്ള കൊതി കൊണ്ടാണ്. എന്നാല്‍ രാത്രി വൈകിയുള്ള ഫോണ്‍ ഉപയോഗം ഉറക്കം വരുന്നതിന് സഹായിക്കുന്ന മെലാറ്റോണിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുകയും, ഉറക്കക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഉണരുമ്പോഴും കുട്ടികള്‍ ക്ഷീണിതരായി കാണപ്പെടാന്‍ കാരണമാകുന്നു.

ഏകാഗ്രത കുറയുന്നതിലൂടെ പഠനത്തില്‍ കുട്ടികള്‍ക്ക് മികവ് പുലര്‍ത്താന്‍ കഴിയാതെ വരുന്നു. പഠിക്കുമ്പോഴും കുട്ടികള്‍ സ്‌ക്രീനില്‍ കണ്ട കാര്യങ്ങള്‍ ഓര്‍ത്തിരിക്കുകയോ, വരാനിരിക്കുന്ന സംഭവങ്ങളെപ്പറ്റി ആലോചിക്കുകയോ ചെയ്യുമ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നു.

പുറത്തുപോയി കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കാതിരിക്കുന്ന കുട്ടികള്‍ സ്‌ക്രീനില്‍ ആകൃഷ്ടരാണെന്ന് മനസിലാക്കണം. ഒരുപാട് സമയം സ്‌ക്രീനില്‍ ചിലവഴിക്കുന്ന കുട്ടികള്‍ക്ക് മറ്റ് കളികള്‍ ബോറടിപ്പിക്കുന്നതായി തോന്നാം. സ്ഥിരമായി കണ്ണിന് പ്രശ്‌നങ്ങളും തലവേദനയുമുണ്ടെങ്കില്‍ അത് സ്‌ക്രീന്‍ ടൈം കൂടുതലാണ് എന്നതിന്‍റെ സൂചനയാണ്.

ഭക്ഷണം കഴിക്കാന്‍ പോലും ടിവിയോ, മൊബൈലോ വേണമെന്ന് വാശി പിടിക്കുന്ന കുട്ടികളുണ്ട്. മാതാപിതാക്കളോ മറ്റോ ഫോണ്‍ തിരിച്ചു വാങ്ങുന്ന സമയത്ത് കടുത്ത അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇതെല്ലാം കുട്ടിയുടെ സ്‌ക്രീന്‍ ടൈം വളരെ കൂടുതലാണ് എന്നതിന്‍റെ സൂചനയാണ്. എത്രയും വേഗം സ്ക്രീന്‍ ടെെം പരിമിതപ്പെടുത്തേണ്ടതിലേക്കാണ് ഈ ലക്ഷണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത്.

Content highlight; How to Tell if Your Child is Getting Too Much Screen Time

dot image
To advertise here,contact us
dot image