
പാക് ഭീകരനും ലഷ്‌കർ ഇ തൊയ്ബ നേതാവുമായ റസുള്ള നിസാനി ഖാലിദ് എന്ന അബു സൈഫുള്ള ഖാലിദ് ഇക്കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു. തൊട്ടുപിന്നാലെ ഇതാ, ലഷ്‌കർ ഇ തൊയ്ബ സഹസ്ഥാപകൻ കൂടിയായ ആമിർ ഹംസ എന്ന ഉന്നത ഭീകരനെ ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. പാക്കിസ്താനിലെ തീവ്രവാദി നേതാക്കൾക്ക് സംഭവിക്കുന്ന അത്യാഹിതങ്ങളാണ് അന്താരാഷ്ട്ര തലത്തിൽ ഇപ്പോൾ വലിയ ചർച്ച.
ഇന്ത്യ- പാക് സംഘർഷങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും വിവിധ ഇടങ്ങളിൽ ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്ക് ഇപ്പോഴും പാക് ഭീകരർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ ശ്രമങ്ങളെയെല്ലാം ഇന്ത്യൻ സേന തകർക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ലഷ്‌കർ ഇ തൊയ്ബ സഹസ്ഥാപകനായ ആമിർ ഹംസയെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വെടിയേറ്റതാണെന്നും പിന്നീട് വീട്ടിൽ നിന്ന് പരിക്ക് പറ്റിയതാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഏതായാലും അതീവ ഗുരുതര പരുക്കുകളോടെ ആമിർ ഹംസ ആശുപത്രിയിൽ തുടരുകയാണെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ട്.
എന്നാൽ എന്താണ് ഹംസയ്ക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്നോ, എങ്ങനെയാണ് ഈ പരിക്കുകളുണ്ടായതെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുഎസ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമീർ ഹംസ നിലവിൽ ഐഎസ്ഐയുടെ സുരക്ഷാ സംരക്ഷണയിൽ ലാഹോറിലെ ഒരു സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലഷ്‌കർ ഇ തൊയ്ബയുടെ പ്രധാന കമ്മിറ്റികളിൽ ഉണ്ടായിരുന്ന ഇയാൾ സംഘടനയ്ക്ക് പണം പിരിക്കാനും, യുവാക്കളെ റിക്രൂട്ട് ചെയ്യാനും മുൻപന്തിയിലുണ്ടായിരുന്നു. ലഷ്‌കർ ഇ തൊയ്ബയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഖാഫില ദഅ്വത് ഔർ ഷഹാദത്തിന്റെ എഡിറ്റർ കൂടിയായിരുന്നു ആമിർ ഹംസ.
2018ൽ ലഷ്‌കറിന്റെ സഹസ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക പരിശോധനകളും മറ്റും കർശനമാക്കിയത് മുതൽ ഇയാൾ ലഷ്‌കറുമായി അകന്നു. തുടർന്ന് ജയ്ഷ് ഇ മങ്കഫാ എന്ന സംഘടനയുണ്ടാക്കി ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ 18-ാം തീയതി പാകിസ്താനിലെ സിന്ധ് പ്രവശ്യയിലെ ലഷ്‌കർ പ്രവർത്തകനായ റസുള്ള നിസാനി ഖാലിദ് എന്ന അബു സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോൾ ആമിർ ഹംസയ്ക്ക് ഗുരുതര പരിക്കേറ്റിരിക്കുന്നത്.
2000ങ്ങളുടെ തുടക്കത്തിൽ നേപ്പാളിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സൈഫുള്ള, ആമിർ ഹംസയെ പോലെ തന്നെ ഭീകര സംഘടനയുടെ നേതൃനിരയിൽ ഉള്ള ആളായിരുന്നു. വിനോദ് കുമാർ, മുഹമ്മദ് സലിം, റസുള്ള എന്നിങ്ങനെ വിവിധ അപരനാമങ്ങളിലായിരുന്നു ഇയാൾ ജീവിച്ചിരുന്നത്. ഇന്ത്യയിൽ ലഷ്‌കർ നടത്തിയ പല ആക്രമണങ്ങളുടെയും പിന്നിൽ സൈഫുള്ളയായിരുന്നു.
ലഷ്‌കർ ഇ തൊയ്ബയുടെ നേതൃത്വത്തിലെ അബു അനസിന്റെ അടുത്ത അനുയായി കൂടിയായിരുന്ന സൈഫുള്ള, 2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം. 2008-ൽ ഉത്തർപ്രദേശിലെ രാംപൂരിൽ സിആർപിഎഫ് ക്യാമ്പിനു നേരെ നടന്ന ആക്രമണം എന്നിവയുടെ മുഖ്യസൂത്രധാരൻ കൂടിയായിരുന്നു.
ലഷ്‌കറിനായി പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഫണ്ട് പിരിക്കുന്നതിനുമുള്ള ചുമതലയും സൈഫുള്ള ഖാലിദിനായിരുന്നു. നേപ്പാൾ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യക്കെതിരെ സൈഫുള്ള പ്രവർത്തിച്ചിരുന്നത്. വിനോദ് കുമാർ എന്ന പേരിൽ നേപ്പാളിൽ കഴിഞ്ഞിരുന്ന ഇയാൾ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. അടുത്ത കാലത്താണ് ഇയാൾ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലേക്ക് താമസം മാറിയത്. ഇതിനിടെ കഴിഞ്ഞ ദിവസം അജ്ഞാതർ അബു സൈഫുള്ള ഖാലിദിനെ കൊലപ്പെടുത്തുകയായിരുന്നു.
കാരണങ്ങൾ വ്യക്തമല്ലെങ്കിലും പാക്കിസ്ഥാനിലെ ഉന്നത ഭീകരർ കൊല്ലപ്പെടുകയും പരിക്കേറ്റ് വീഴുകയും ചെയ്യുന്നതിന് പിന്നിൽ ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നീക്കങ്ങളാണെന്ന ചർച്ചകൾ സജീവമാണ്.
Content Highlights: Saifullah Khalid killed, Aamir Hamza seriously injured Cause 'unknown'