
ഛത്തീസ്ഗഡില്‍ ഏകദേശം 50 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 27 മാവോയിസ്റ്റുകളെയാണ് സുരക്ഷാ സേന വധിച്ചിരിക്കുന്നത്. ഈ 27ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി നംബല കേശവ റാവു അഥവാ ബസവരാജുവും ഉള്‍പ്പെടുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.
മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള ഒരാളെ വധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായും വ്യക്തമാക്കി. ഔദ്യോഗികമായി 2018 മുതല്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്ന ബസവരാജുവിന്റെ തലയ്ക്ക് 2.02 കോടി രൂപ പാരിതോഷികം ചുമത്തിയിരുന്നു. ആരാണ് വര്‍ഷങ്ങളായി വിവിധ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചു കൊണ്ടിരുന്ന ബസവരാജ്?
നംബല കേശവ റാവുവെന്ന ബസവരാജു
മാവോയിസ്റ്റുകളുടെ സെന്ററല്‍ മിലിറ്ററി കമ്മീഷന്‍ (സിഎംസി) ചീഫ് കമാന്‍ഡറായിരുന്ന ബസവരാജു മുന്‍ ജനറല്‍ സെക്രട്ടറി മുപല്ല ലക്ഷ്മണ്‍ റാവു അഥവാ ഗണപതിയുടെ പിന്‍ഗാമിയായാണ് ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഗണപതിയുടെ മോശം ആരോഗ്യത്തെ തുടര്‍ന്ന് 2017ലാണ് ബസവരാജു ജനറല്‍ സെക്രട്ടറിയാകുന്നത്. എന്നാല്‍ 2018 നവംബര്‍ 10ന് സിപിഐ മാവോയിസ്റ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇദ്ദേഹത്തിന്റെ ചുമതലയെക്കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.
14 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സിപിഐ മാവോയിസ്റ്റിന് പുതിയൊരു നേതൃത്വം അന്ന് നിലവില്‍ വരുന്നത്. നേതൃത്വത്തിലെത്തുന്നതിന് മുമ്പ് തന്നെ പാര്‍ട്ടിയിലെ രണ്ടാമനായിരുന്നു ബസവരാജു. സിഎംസിയുടെ ചുമതലയോടൊപ്പം തന്നെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ബസവരാജുവായിരുന്നു. ദണ്ഡകാരണ്യയിലെ ഫോറസ്റ്റ് ഡിവിഷന്‍ തലവനായും ബസവരാജു പ്രവര്‍ത്തിച്ചിരുന്നു. സിപിഐ മാവോയിസ്റ്റ് പോളിറ്റ്ബ്യൂറോ അംഗം, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പാര്‍ട്ടി പബ്ലിക്കേഷനായ അവാം ഇ ജംഗിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
1955 ജൂലൈ 10ന് ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം ജിയനപേട്ടയിലെ സാധാരണ കുടുംബത്തിലാണ് ബസവരാജു ജനിച്ചത്. വാറംഗലിലെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബി ടെകിന് ചേര്‍ന്നു. എഞ്ചിനീയര്‍ എന്നതിനപ്പുറം കായിക മേഖലയിലും ബസവരാജു മിടുക്കനായിരുന്നു. വോളിബോള്‍ മത്സരത്തില്‍ ആന്ധ്രപ്രദേശിന് വേണ്ടി ദേശീയ തലത്തില്‍ മാറ്റുരച്ചു.
ഈ സമയങ്ങളിലാണ് ബസവരാജു ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും പ്രവര്‍ത്തിക്കുന്നതും. 1980ല്‍ എബിവിപി പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ ബസവരാജുവിനെ അറസ്റ്റ് ചെയ്തിരുന്നു. ബസവരാജുവിന്റെ ആദ്യത്തേതും അവസാനത്തേയും അറസ്റ്റായിരുന്നു അത്. പിന്നീട് അദ്ദേഹം പീപ്പിള്‍സ് വാറിന്റെ ഭാഗമായി. തുടര്‍ന്ന് മരിക്കുന്നത് വരെയുള്ള 35 വര്‍ഷം തീവ്ര ഇടതു രാഷ്ട്രീയത്തിലൂന്നിയായിരുന്നു ബസവരാജുവിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ആറടി ഉയരമുള്ള ബസവരാജു എല്ലാ ദിവസവും മുടി കറുപ്പിച്ച്, താടി എപ്പോഴും ക്ലീന്‍ ഷേവ് ചെയ്ത് നടക്കുന്ന വ്യക്തിയാണ്. അബ്ജുമാദിലും എഒബി സോണല്‍ കമ്മിറ്റി ഏരിയയിലുമായിരുന്നു ബസവരാജു താമസിച്ചത്. എകെ 47 തോക്കും കയ്യിലുണ്ടായിരുന്നുവെന്നും ഇന്റലിജന്‍സിന്റെ ഡോക്യുമെന്റ് ഉദ്ദരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബസവരാജുവിനെ നേതൃത്വത്തിലെത്തിക്കുന്നതിന് വേണ്ടി ഗണപതി വര്‍ഷങ്ങളായി പ്രയത്‌നിച്ചിരുന്നു. 2013ല്‍ ജാര്‍ഖണ്ഡിലെ ഗിരിദിയിലെ പ്രശാന്ത് ഹില്‍സില്‍ നടന്ന യോഗത്തില്‍ ഗണപതി ബസവരാജുവിനെയും ഉള്‍പ്പെടുത്തി. മാവോയിസ്റ്റ് ഓപ്പറേഷന്‍ പദ്ധതിയിടുക, സുരക്ഷാ സേനയെ ലക്ഷ്യം വെക്കുക, ദളം കേഡര്‍മാരെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ ചുമതലകളാണ് പ്രധാനമായും ബസവരാജു നടത്തിയത്. പീപ്പിള്‍സ് ലിബറേഷന്‍ ഗൊറില്ല ആര്‍മിയെയും ബസവരാജു നയിച്ചു.
ബസവരാജുവിന്റെ കാലത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനം
സിപിഐ മാവോയിസ്റ്റിന്റെ നേതൃത്വം ഏറ്റെടുത്തപ്പോള്‍ ബസവരാജു സംഘടനയെ കൂടുതല്‍ മാരകവും പോരാട്ടവീര്യവുമാക്കുമെന്ന പ്രതീക്ഷ അതിലെ അംഗങ്ങള്‍ക്കുണ്ടായിരുന്നു. സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ക്രൂരവും ധീരവുമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മിലിറ്ററി കമാന്‍ഡറെന്ന വിശേഷണവും ബസവരാജുവിനുണ്ട്.
2013ല്‍ ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ അംബുഷില്‍ മരിച്ച സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മൃതദേഹത്തില്‍ ഫോട്ടോസെന്‍സിറ്റീവ് ഐഇഡി ഘടിപ്പിച്ച് അപകടമുണ്ടാക്കാനുള്ള ആലോചന ഇദ്ദേഹത്തിന്റെതായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മാവോയിസ്റ്റ് സംഘടനയ്ക്ക് കൂടുതല്‍ തകര്‍ച്ചയും മാവോയിസ്റ്റുകള്‍ക്ക് ഗുരുതര തിരിച്ചടിയും നേരിട്ടതായും വിലയിരുത്തലുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുരക്ഷാ സേന നേതാക്കന്മാരുള്‍പ്പെടെ നൂറു കണക്കിന് മാവോയിസ്റ്റുകളെ വധിക്കുകയും മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് മുന്നേറ്റം നടത്തുകയും ചെയ്തു. ഒമ്പത് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേറ്റതുമായ 2018ലെ സുക്മ ഐഇഡി ആക്രമണം, 15 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2019ലെ ഗഡ്ചിറോളി ലാന്‍ഡ്‌മൈന്‍ സ്‌ഫോടനം, 2021ലെ സുക്മ-ബിജപുര്‍ ആക്രമണം, 2023ലെ ഡന്റേവാഡ ഐഇഡി സ്‌ഫോടനം, 2025ലെ ബിജാപുര്‍ ഐഇഡി ആക്രമണം, 2024ലെ കാങ്കര്‍ ഏറ്റുമുട്ടല്‍ തുടങ്ങിയവയാണ് ഇക്കാലയളവിലുണ്ടായത്. അതേ സമയം 2024ലെ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. 2024ലെ അബുജ്ബഡ് ഏറ്റുമുട്ടലില്‍ 38 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
Content Highlights: Who is CPI Maoist General Secretary Basavaraju who killed in Encounter