
തിരുവനന്തപുരം: വേടനെതിരെയുള്ള സംഘപരിവാർ ആക്രമണത്തിലൂടെ തെളിയുന്നത് സംഘപരിവാറിന്റെ ദളിത് വിരുദ്ധ രാഷ്ട്രീയമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. റാപ്പർ വേടനെതിരെ സംഘപരിവാർ നേതാക്കൾ നടത്തുന്ന ഹീനമായ അഭിപ്രായങ്ങൾ മനുസ്മൃതിയിൽ ജീവിക്കുന്ന സംഘപരിവാറിന്റെ ചാതുർവർണ്യ ആശയങ്ങൾക്ക് നേരെ അദ്ദേഹത്തിന്റെ വരികൾ തറച്ചതിലുള്ള പ്രതികരണമാണെന്നും വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ബാല്യ- കൗമാരങ്ങളോട് പടവെട്ടി സ്വയം ഉയർന്നു വന്ന കലാകാരനാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺ മുരളി. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഗീതത്തിന്റെ വരികളിലും താളത്തിലും ഹിന്ദുത്വയുടെ ജാതി പുഴുക്കുത്തുകൾക്കെതിരെയുള്ള പ്രതിഷേധവും പോരാട്ടവും ഏറെയുണ്ടെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മഹാത്മാ അയ്യങ്കാളി മുതൽ ഫലസ്തീൻ വിമോചന പോരാളി യാസർ അറാഫത്ത് വരെ പ്രത്യക്ഷപ്പെടുന്ന വരികൾ വേടന്റെ ആരാധകരായ യുവാക്കളും കുട്ടികളും ഒന്നിച്ച് ഏറ്റു പാടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന് സഹിക്കാവുന്നതിലുമപ്പുറമാണ്. അതിനാൽ തന്നെയാണ് ഹിന്ദു ഐക്യവേദിയും ആർഎസ്‌എസുമൊക്കെ വേടനെ ആക്രമിക്കാൻ മുന്നിട്ടിറങ്ങുന്നത്. ഇത് പുരോഗമന കേരളത്തിന് അനുവദിച്ചു കൊടുക്കാൻ കഴിയുന്നതല്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം വളരെ മാതൃകാപരമായ നിലപാടാണ് വേടൻ കൈക്കൊണ്ടത്. താൻ ചെയ്ത തെറ്റ് തിരിച്ചറിയുകയും അതിൽ ക്ഷമ ചോദിക്കുകയും സമൂഹത്തോട് ഏറ്റു പറയുകയും കേസ് നേരിടുകയും ചെയ്തുകൊണ്ട് തെറ്റ് തിരുത്തിയ വേടനെ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ കലയിലൂടെ തന്നെ ലഹരിക്കെതിരായ വലിയ ക്യാമ്പയിൻ തുറക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് തന്നെയാണ് ഒരു പരിഷ്കൃത സമൂഹം കൈക്കൊള്ളേണ്ട ശരിയായ തീരുമാനവും.
എന്നാൽ, തങ്ങളുടെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ വേടനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. ഇത് പുരോഗമന കേരളം അനുവദിച്ചു കൊടുക്കില്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
വേടന്റെ പാട്ടിലെ വരികളോട് പല രീതിയിലും പലർക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ആഗോള രാഷ്ട്രീയമടക്കം വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന വിവരങ്ങളിലെ പാശ്ചാത്യ പ്രോപ്പഗാണ്ട സ്വാധീനം വേടന്റെ വരികളിലും പ്രതിഫലിക്കുന്ന പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ ഇതൊന്നും ആ കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തിന് വിലങ്ങു തടിയായി മാറാനോ ആ കാരണത്താൽ അയാൾ ആക്രമിക്കപ്പെടാനോ പാടില്ല. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ മതനിരപേക്ഷ മനുഷ്യപക്ഷത്ത് നിലനിൽക്കുന്ന കലാകാരനാണ് വേടൻ.
സംഘപരിവാർ രാഷ്ട്രീയത്തിൽ അന്തർലീനമായിരിക്കുന്ന ദളിത് വിരുദ്ധതയും ചാതുർവർണ്യ ബോധവുമാണ് വേടനെതിരെയുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നത്. സാംസ്കാരിക കേരളം അത് അനുവദിച്ചു കൊടുക്കരുത് - ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Content Highlights: DYFI State Secretariat against Sanghparivar attacking rapper vedan