
കട്ടപ്പന: അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിന് പ്രതികാരമായി ഒന്‍പതിനായിരം രൂപ പിഴ ചുമത്തിയെന്ന പരാതിയുമായി ബൈക്ക് യാത്രികന്‍. ഞായറാഴ്ച വൈകിട്ടോടെയാണ് ഇടുക്കി വണ്ടന്‍മേടിന് സമീപം സംഭവമുണ്ടായത്. അച്ഛൻകുന്നം സ്വദേശി രാഹുലിനാണ് വണ്ടന്‍മേട് എസ് ഐ ബിനോയ് എബ്രഹാമില്‍ നിന്ന് പ്രതികാര നടപടി നേരിടേണ്ടി വന്നത്.
പരാതികാരനായ രാഹുലും സഹോദരനും ബൈക്കിൽ തറവാട്ട് വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം. ഹെല്‍മെറ്റ് വെക്കാതെയാണ് ഇരുവരും യാത്ര ചെയ്തിരുന്നത്. പൊലീസ് ചെക്കിങ് കണ്ടതോടെ ഇരുവരും അച്ഛന്‍കാനം എന്ന സ്ഥലത്തേക്ക് പോകാന്‍ വണ്ടി തിരിച്ചു. എന്നാല്‍ പൊലീസ് പിന്തുടര്‍ന്നെത്തി ബൈക്കിന് കുറുകെ ജീപ്പ് വെക്കുകയായിരുന്നു. പിന്നാലെ രണ്ട് പേരുടെയും ശരീരം പരിശോധിച്ച ശേഷം ആറായിരം രൂപ പിഴ ചുമത്തുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിനും ചേര്‍ത്താണ് പിഴ ചുമത്തിയതെന്ന് പറഞ്ഞ് രാഹുല്‍ നടപടി എതിര്‍ത്തു. എന്നാല്‍ പിറ്റേ ദിവസം പരിശോധിച്ചപ്പോഴാണ് ഒന്‍പതിനായിരം രൂപയാണ് പിഴയെന്ന് മനസിലായത്
പിഴ ചേര്‍ത്ത വകുപ്പില്‍ പലതും ചെയ്യാത്ത കുറ്റത്തിൻ്റേതാണെന്ന് രാഹുൽ കണ്ടെത്തി. ഹെല്‍മറ്റ് ധരിക്കാത്തത് ഒഴിച്ചാല്‍ റൂട്ട് വെട്ടിചുരുക്കുന്നതിന് ബസുകള്‍ക്ക് ഈടാക്കുന്ന പിഴ, റേസിങിന് ചുമത്തുന്ന പിഴ എന്നിവയും രാഹുലിന് മേല്‍ ചുമത്തിയിരുന്നു. എന്നാല്‍ കുണ്ടും കുഴിയുമുള്ള റോഡായതിനാല്‍ പതുക്കെയാണ് വണ്ടി ഓടിച്ചതെന്നും തന്നെ അസഭ്യം പറഞ്ഞതിന് പ്രതികാരമായാണ് പിഴ ചുമത്തിയതെന്നും രാഹുല്‍ പറയുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും രാഹുല്‍ പരാതി നല്‍കി. അതേ സമയം, കൈകാണിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ രാഹുലും സഹോദരനും തട്ടികയറിയെന്നും ചെയ്ത കുറ്റത്തിന് തന്നെയാണ് പിഴ ചുമത്തിയതെന്നും എസ് ഐ ബിനോയ് പറഞ്ഞു. തെറ്റായി ചുമത്തിയ വകുപ്പുകൾ ഒഴിവാക്കുമെന്നും എസ്‌ഐ വ്യക്തമാക്കി.
Content Highlights- Police questioned, fined Rs 9,000 for driving without helmet, including fine imposed on bus