ഇസ്രായേലിന്റെ ക്രൂരത, ബലിയാടാവുന്നത് കുഞ്ഞുങ്ങൾ; ഉപരോധ മുന്നറിയിപ്പുമായി രാജ്യങ്ങൾ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത വിവരിക്കാൻ ദുരിതാശ്വാസ സംഘടനകൾക്ക് വാക്കുകളില്ലെന്നാണ് യുഎൻആർഡബ്ല്യുഎയുടെ തലവൻ ഫിലിപ്പ് ലസ്സാറിനി പറഞ്ഞത്

dot image

ഗാസയിലേക്ക് ഭക്ഷണം എത്തിക്കുന്നത് പോലും തടഞ്ഞ ഇസ്രയേലിന്റെ ക്രൂരതയിൽ ലോകം വിറങ്ങലിച്ച് നിൽക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ അടിയന്തര സഹായമെത്തിച്ചില്ലെങ്കിൽ 14,000ത്തോളം നിഷ്‌കളങ്കരായ കുഞ്ഞുങ്ങൾ ഗാസയിൽ കൊല്ലപ്പെട്ടേക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. യുദ്ധവും പട്ടിണിയും കാരണം ജീവനറ്റ് വീഴുന്നവരുടെ കാഴ്ച അതീവ ദയനീയമാണ്.

ഗാസ മുനമ്പിലെ രണ്ട് മില്യൺ ആളുകളാണ് പട്ടിണി അനുഭവിക്കുന്നത്. അവിടെ പട്ടിണിയിൽ കഴിയുന്നവർക്ക് ആശ്വാസമാകുമായിരുന്ന ടൺ കണക്കിന് ഭക്ഷണമാണ് ഇസ്രയേൽ അതിർത്തിയിൽ വച്ച് തടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് ടൺ ഭക്ഷണം മാത്രമാണ് ഗാസയിൽ എത്തിക്കാൻ കഴിഞ്ഞത്, എന്നാൽ ഗാസയിൽ അവശേഷിക്കുന്ന 2 മില്യൺ ആളുകൾക്ക് ഇത് സമുദ്രത്തിലെ തുള്ളിയെന്ന പോലെ അപര്യാപ്തമാണ്.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരത വിവരിക്കാൻ ദുരിതാശ്വാസ സംഘടനകൾക്ക് വാക്കുകളില്ലെന്നാണ് യുഎൻആർഡബ്ല്യുഎയുടെ തലവൻ ഫിലിപ്പ് ലസ്സാറിനി പറഞ്ഞത്. ബ്രസൽസിൽ നടന്ന യൂറോപ്യൻ ഹ്യുമാനിറ്റേറിയൻ ഫോറത്തെ അഭിമുഖീകരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ സംഘർഷം നിർത്താമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് ആദ്യം മുതൽ ഇതുവരെ കുറഞ്ഞത് 57 കുട്ടികളെങ്കിലും ഗാസയിൽ പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗാസയിലെ 93 ശതമാനം കുട്ടികളും പട്ടിണിയുടെ ഭീഷണിയിലാണെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സഹായമുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ വിലയിരുത്തൽ. മുതിർന്നവർ മൃഗങ്ങൾക്കുള്ള തീറ്റയും കാലപ്പഴക്കംവന്ന മാവും മറ്റുമാണ് ഭക്ഷണമാക്കുന്നത്. ഇത്തരം ഭക്ഷണങ്ങൾ മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഗാസ ജനതയെ തള്ളിയിടുന്നുണ്ട്.

പോഷകാഹാരക്കുറവ് കാരണം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഗാസയിലെ അമ്മമാർ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഒന്നുപോലും പാലിക്കാതെയാണ് ഗാസയിലെ അഭയാർത്ഥികേന്ദ്രങ്ങളിൽ അടക്കം ഇസ്രായേൽ ആക്രമണം നടത്തുന്നത്. അഭയാർഥി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മുസ ബിൻ നുസെയ്ർ സ്‌കൂളും ഇസ്രായേൽ സൈന്യം തകർത്തിട്ടുണ്ട്.

ഇസ്രായേലിന്റെ ഈ ക്രുരതയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

ഇസ്രയേൽ നടപടി അംഗീകരിക്കാനാകില്ലെന്നും ആക്രമണം അടിയന്തരമായി നിർത്തണമെന്നും ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ സൈനിക ആക്രമണം നിർത്തിവയ്ക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തില്ലെങ്കിൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇതിന് പിന്നാലെ 100 ട്രക്കുകൾ പ്രവേശിക്കാനുള്ള അനുമതി നൽകുമെന്ന് ഇസ്രയേൽ അറിയിച്ചുണ്ട്. ഗാസയോടുള്ള ക്രൂര നടപടി കണക്കിലെടുത്ത് ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണ് ബ്രിട്ടൻ. 11 ആഴ്ചത്തേക്കാണ ഗാസയ്ക്കുള്ള സഹായം ഇസ്രയേൽ തടഞ്ഞ് വെച്ചിരിക്കുന്നത്. അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ തുടരുകയാണ് 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 98 ആയെന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Content Highlights: Israel Gaza conflict UN says 14000 babys life in danger

dot image
To advertise here,contact us
dot image