സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത ഐബി സതീഷിനും ഇജി മോഹനനും കൊവിഡ്
സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളെ നടക്കാനിരിക്കുന്ന പൊതുസമ്മേളനം ഓണ്‍ലൈനായാണ് നടത്തുക.
15 Jan 2022 10:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പ്രതിനിധികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐബി സതീഷ് എംഎല്‍എക്കും ഇജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളെ നടക്കാനിരിക്കുന്ന പൊതുസമ്മേളനം ഓണ്‍ലൈനായാണ് നടത്തുക. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു.
അതേസമയം, ജില്ലാ സമ്മേളനത്തില്‍ മന്ത്രി ഓഫീസുകള്‍ക്ക് നേരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. വ്യവസായ മന്ത്രിക്കെതിരേയും ആരോഗ്യമന്ത്രിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ പാവപ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു വിമര്‍ശനം. കോവളം ഏരിയാ കമ്മിറ്റിയാണ് വീണ ജോര്‍ജിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.
പുരസ്‌കാരങ്ങള്‍ക്ക് കുറവില്ലെങ്കിലും സാധാരണക്കാര്‍ക്ക് ഗുണമില്ല. സാധാരണ കുടുംബങ്ങളില്‍ നിന്നു വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളര്‍ത്തുകയാണെന്ന് കിളിമാനൂര്‍ ഏരിയാ കമ്മിറ്റിയും വിമര്‍ശിച്ചു.
മന്ത്രി ഓഫീസുകള്‍ക്കെതിരെ വികെ പ്രശാന്ത് എം എല്‍എയും വിമര്‍ശനവുമായി മുന്നോട്ട് വന്നു. മന്ത്രി ഓഫീസുകള്‍ക്ക് വേഗത പോര. പലകാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയായ വികെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്. വ്യവസായ മന്ത്രിയുടെ ഓഫീസ് പ്രമാണിമാരുടെ കേന്ദ്രമായെന്നായിരുന്നു വിമര്‍ശനം.