മിന്നും ജയത്തിലേക്ക് പടക്കളം; കളക്ഷനില്‍ കുതിച്ച് ചിത്രം

ചിത്രത്തിന് ലഭിച്ച പോസിറ്റീവ് പ്രതികരണം കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.

dot image

മെയ് 8ന് തിയേറ്ററുകളിലെത്തിയ മലയാള ചിത്രമായ പടക്കളം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. തിയേറ്ററുകളില്‍ ചിരി പടര്‍ത്തുന്ന സിനിമ ഫാന്റസി കോമഡി ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങള്‍ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.

ആഗോളതലത്തില്‍ എട്ട് കോടിയ്ക്കടുത്താണ് പടക്കളം ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നാണ് ചിത്രം പ്രധാനമായും കളക്ഷന്‍ നേടിയിരിക്കുന്നത്. ആദ്യ ദിനം പതിയെ തുടങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളെത്തുടര്‍ന്ന് കൂടുതല്‍ സ്‌ക്രീനുകളിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു.

നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത സിനിമയുടെ എഴുത്തിനും പ്രകടനങ്ങള്‍ക്കും ഹ്യൂമറിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പടക്കളത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരുടെ പ്രകടനങ്ങള്‍ക്ക് കയ്യടി ലഭിക്കുന്നുണ്ട്. സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം. നിതിന്‍ സി ബാബുവും മനു സ്വരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സംഗീതം രാജേഷ് മുരുകേശന്‍ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിന്‍രാജ് ആരോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, കലാസംവിധാനം മഹേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ മൈക്കിള്‍.

Content Highlights: Padakkalam movie collection report

dot image
To advertise here,contact us
dot image