
പഠനത്തിലും പാഠ്യതര പ്രവർത്തനങ്ങളിലും മിടുക്കി, കോഴിക്കോട്ടുകാരി ഫാത്തിമയെ തേടിയെത്തിയത് 7 ലക്ഷം രൂപയുടെ സമ്മാനം
പഠനത്തിനും പാഠ്യേതരമികവിനുമുളള ഷാർജ അവാർഡ് ഫോർ എഡ്യുക്കേഷണല്‍ എക്സലന്‍സ് നേടിയതിന്‍റെ അഭിമാനത്തിലാണ് 13 കാരി ഫാത്തിമ അബ്ദുള്‍ അസീസ്. ഷാർജ യൂണിവേഴ്സിറ്റി സിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഷാർജ ഉപ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയില്‍ നിന്ന് ഫാത്തിമ അവാർഡ് ഏറ്റുവാങ്ങി. ട്രോഫിയും 30,000 ദിർഹം (ഏകദേശം ഏഴുലക്ഷം ഇന്ത്യന്‍ രൂപ) ക്യാഷ് പ്രൈസുമാണ് അവാർഡ്. എസ് എ ഇ ഇയുടെ 30 മത്തെ പതിപ്പാണ് ഇത്തവണ നടന്നത്. ഡെല്‍ഹി പ്രൈവറ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ, കോഴിക്കോട് സ്വദേശികളായ അബ്ദുള്‍ അസീസിന്‍റെയും സാജിറ സുല്‍ത്താനയുടെയും മകളാണ്. മിന്‍സ, ഹവ്വ, ആയിഷ, മൂന്ന് കുഞ്ഞനിയത്തിമാരുടെ ചേച്ചിയാണ് ഫാത്തിമ.
ഷാർജ അവാർഡ് ഫോർ എക്സലൻസ് ഇൻ എഡ്യൂക്കേഷൻ
പഠന പാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികള്‍ക്കാണ് ഷാർജ അവാർഡ് ഫോർ എക്സലൻസ് ഇൻ എഡ്യൂക്കേഷൻ നല്‍കുന്നത്. കുട്ടികളെ നേതൃത്വപരമായ കഴിവുകളും വിലയിരുത്തും. വിദ്യാർത്ഥികള്‍ക്കായി യുഎഇ ദേശീയ തലത്തില്‍ 1994 ല്‍ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഷാർജ അവാർഡ് ഫോർ എക്സലൻസ് പ്രഖ്യാപിച്ചത്. വിദ്യാർത്ഥികള്‍ക്കും ഒപ്പം അധ്യാപകർക്കും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രോത്സാഹനം നല്‍കുകയെന്നുളളതാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വിഭാഗങ്ങളിലായി നല്‍കുന്ന അവാർഡിന് ഇത്തവണ വിവിധ സ്കൂളുകളില്‍ നിന്നായി 1460 പേരാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇതില്‍ നിന്നും 51 പേരാണ് അവാർഡിന് അർഹരായത്. ഗ്രേഡ് മൂന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് അവാർഡിനായി അപേക്ഷിക്കാം. തുടർച്ചയായ മൂന്ന് വർഷത്തെ പഠന പാഠ്യേതര മികവ് വിലയിരുത്തിയാണ് അവാർഡ് നല്‍കുന്നത്. പഠനത്തില്‍ 90 ശതമാനം മാർക്കുണ്ടാകണം. പാഠ്യേതര വിഭാഗത്തില്‍ വളണ്ടിയറിങ്, സാമൂഹ്യസേവനം, സാങ്കേതിക വിദ്യയിലെ മികവ്, ആശയ വിനിമയം, നേതൃത്വമികവ്, ഹോബി, എന്നിവയും വിലയിരുത്തും.
പഠനത്തില്‍ മിടുക്കി, പാഠ്യേതര പ്രവർത്തനങ്ങളില്‍ മിടുമിടുക്കി
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഷാർജ അവാർഡ് ഫോർ എഡ്യുക്കേഷണല്‍ എക്സലന്‍സിനായി ഫാത്തിമ അപേക്ഷ നല്‍കുന്നത്. പാഠ്യ പാഠ്യേതര മികവ് പരിഗണിച്ചാണ് വിദ്യാർത്ഥികള്‍ക്ക് മാർക്ക് നല്‍കുക. 1000 മാർക്കില്‍ 800 മാർക്ക് നേടിയവരെയാണ് അഭിമുഖ പരീക്ഷയ്ക്കായി വിളിക്കുക. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഫാത്തിമയെ അഭിമുഖ പരീക്ഷയ്ക്കായി വിളിച്ചത്. അവാർഡിന് അർഹയാണെന്ന അറിയിപ്പ് വന്നത് 2025 ഏപ്രില്‍ ഏഴിനും.
പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമാണ് ഫാത്തിമ. ഫാത്തിമയുടെ നേതൃത്വത്തില്‍ യുഎഇ റെഡ് ക്രെസന്‍റുമായി സഹകരിച്ച് സ്കൂള്‍ കുട്ടികളില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ച് തുർക്കി- സിറിയ എന്നിവിടങ്ങളിലേക്കുളള അഭയാർത്ഥികള്‍ക്കായി നല്‍കി. ഹോപ് ഫൗണ്ടേഷനുമായി ചേർന്ന് ഗസയിലെ ദുരിത ബാധിതർക്കുളള സഹായ പ്രവർത്തനങ്ങളിലും ഭാഗമായി. ദുബായ് സജ്ജയുള്‍പ്പടെയുളള സ്ഥലങ്ങളിലെ തൊഴിലാളി ക്യാംപുകളില്‍ ഭക്ഷണമെത്തിക്കാനും സജീവമായി പങ്കെടുക്കാറുണ്ട് ഫാത്തിമ. ആർത്രൈറ്റിസ് രോഗികളെ സഹായിക്കാനായി ദുബായില്‍ നടത്തുന്ന ഫ്രണ്ട്സ് ഓഫ് ആർത്രൈറ്റിസ് മാരത്തണില്‍ ഒരുതവണ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. യുഎഇയിലെ മഴക്കെടുതി സമയത്ത് വിവിധ കെട്ടിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് റീസൈക്ലിങ് നടത്തുന്നതിനായി നല്‍കി. സ്കൂളിലെ കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തി, ഈ പ്രവർത്തനത്തില്‍ പങ്കുചേരാന്‍ പ്രചോദനം നല്‍കി. അന്ന് എമിറേറ്റ്സ് എന്‍വയോണ്‍മെന്‍റല്‍ ഗ്രൂപ്പ്, ഡെല്‍ഹി പ്രൈവറ്റ് സ്കൂളിലെ കുട്ടികളില്‍ നിന്നുമാത്രമായി 440 കിലോ പ്ലാസ്റ്റികാണ് ശേഖരിച്ചത്. ഇതില്‍ 100 കിലോ പ്ലാസ്റ്റിക് ഫാത്തിമ മാത്രം ശേഖരിച്ചതാണ്. പ്രായമുളളവർക്ക് ഡിജിറ്റല്‍ സുരക്ഷയെ കുറിച്ചും വിദ്യാർത്ഥികള്‍ക്ക് സൈബർ ബുള്ളിയിങിനെ കുറിച്ചും ക്ലാസുകളെടുത്തിട്ടുണ്ട്.വായനയും നൃത്തവുമാണ് ഹോബി. ബാഡ്മിന്‍റണ്‍ പ്ലയറാണ്. രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളും ഫാത്തിമ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലക്ഷ്യം ഐഎഎസ്, റോള്‍ മോഡല്‍ ദിവ്യ എസ് അയ്യർ
കുത്തിയിരുന്ന് പഠിക്കുന്ന കുട്ടിയല്ല ഫാത്തിമയെന്ന് ഉമ്മ സാജിറ. സ്കൂള്‍ നല്‍കിയ പിന്തുണയും വളരെ വലുതാണ്. അവളുടെ ആഗ്രഹത്തിനൊത്ത് പഠിപ്പിക്കുക അതാണ് ആഗ്രഹം, സാജിറയും അബ്ദുള്‍ അസീസും പറയുന്നു. ഐഎഎസ് എന്നുളളതാണ് ഫാത്തിമയുടെ സ്വപ്നം. അക്കാര്യത്തില്‍ ദിവ്യ എസ് അയ്യരാണ് റോള്‍ മോഡല്‍. എന്നാല്‍ ജീവിതത്തിലെ റോള്‍ മോഡല്‍ അമ്മയാണ്. മാതാപിതാക്കളുടെ സ്നേഹവും പിന്തുണയുമാണ് കരുത്ത്. അധ്യാപകരെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. എല്ലാവരോടും സ്നേഹവും ബഹുമാനവും നന്ദിയും മാത്രം. സമ്മാനം കിട്ടിയ പണമെന്ത് ചെയ്തുവെന്ന ചോദ്യത്തിന് 13 വയസുകാരിയെ സംബന്ധിച്ച് 30,000 ദിർഹം വലിയ തുകയല്ലേ, അതുകൊണ്ട് എടുത്തുവച്ചിരിക്കുകയാണെന്നായിരുന്നു ഫാത്തിമയുടെ മറുപടി.