വിരലിന് പരിക്കുമായി ബാറ്റ് ചെയ്തു; സബ്സ്റ്റിറ്റ്യൂട്ട് ഓഫായി ശ്രേയസ് അയ്യർ

രാജസ്ഥാൻ റോയൽസിനെതിരെ 25 പന്തിൽ 30 റൺസാണ് ശ്രേയസ് നേടിയത്

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിനായി ശ്രേയസ് അയ്യർ ബാറ്റ് ചെയ്തത് വിരലിനേറ്റ പരിക്കുമായി. ഇന്നലെ നടന്ന പരിശീലനത്തിനിടെയാണ് പഞ്ചാബ് നായകന്റെ വിരലിന് പരിക്കേറ്റത്. രാജസ്ഥാൻ റോയൽസിനെതിരെ 25 പന്തിൽ 30 റൺസാണ് ശ്രേയസ് നേടിയത്. വിരലിന്റെ പരിക്ക് താരത്തെ ബാറ്റിങ്ങിൽ ബുദ്ധിമുട്ടിപ്പിച്ചത് കളിക്കളത്തിൽ പ്രകടമായിരുന്നു.

പ‍ഞ്ചാബ് ഇന്നിങ്സിന് പിന്നാലെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് നിയമം ഉപയോ​ഗിച്ച് ശ്രേയസ് ഫീൽഡിങ് ഒഴിവാക്കി. ഹർപ്രീത് ബ്രാർ ആണ് ശ്രേയസിന് പകരം കളത്തിലെത്തിയത്. പഞ്ചാബ് കിങ്സിനെ അവശേഷിച്ച മത്സരത്തിൽ നയിക്കുക ശശാങ്ക് സിങ് ആണ്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ നേഹൽ വധേര, ശശാങ്ക് സിങ് എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.

നേരത്തെ തകർച്ചയോടെയാണ് പഞ്ചാബ് കിങ്സ് ബാറ്റിങ് തുടങ്ങിയത്. പ്രിയാൻഷ് ആര്യ ഒമ്പത്, പ്രഭ്സിമ്രാൻ സിങ് 21, മിച്ചൽ ഓവൻ പൂജ്യം എന്നിവർ മടങ്ങിയപ്പോൾ പഞ്ചാബിന് നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് മാത്രം. പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30, നേഹൽ വധേര 70, ശശാങ്ക് സിങ് പുറത്താകാതെ 59 എന്നിവർ നന്നായി കളിച്ചു.

37 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം നേഹൽ വധേര 70 റൺസെടുത്തു. ശ്രേയസ് അയ്യരിനൊപ്പം നാലാം വിക്കറ്റിൽ 67 റൺസാണ് വധേര കൂട്ടിച്ചേർത്തത്. പിന്നാലെ വന്ന ശശാങ്ക് സിങ് 30 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. വധേരയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർക്കാൻ ശശാങ്കിന് കഴിഞ്ഞു.

അവസാന ഓവറുകളിൽ നിർണായക സംഭാവന നൽകിയ അസ്മത്തുള്ള ഒമർസായി പുറത്താകാതെ ഒമ്പത് പന്തിൽ 21 റൺസ് നേടി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ശശാങ്ക് സിങ്ങിനൊപ്പം 60 റൺസാണ് ഒമർസായി കൂട്ടിച്ചേർത്തത്. രാജസ്ഥാൻ റോയൽസിനായി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Shreyas Iyer injured his index finger before playing against RR

dot image
To advertise here,contact us
dot image