തമിഴ്നാട്ടില്‍ നിന്നും ലോറി മോഷ്ടിച്ചു, കോട്ടയത്തെത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നു; മോഷ്ടാവ് പിടിയില്‍
കൊല്ലം സ്വദേശിയുടെ ടിപ്പർ ലോറിയാണ് ഇയാൾ മോഷ്ടിച്ചെടുത്തത്
9 Dec 2022 11:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: തമിഴ്നാട്ടിൽ നിന്നും ലോറി മോഷ്ടിച്ച് കേരളത്തിലേക്ക് കടന്ന മോഷ്ടാവ് പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് ചെറുകാത്തുമേല്‍ വീട്ടില്‍ ഷിജിത്ത് (64) ആണ് പിടിയിലായത്. കോട്ടയത്തെത്തിയപ്പോൾ ലോറിയിലെ ഇന്ധനം തീർന്നതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കൊല്ലം സ്വദേശിയുടെ ടിപ്പർ ലോറിയാണ് ഇയാൾ മോഷ്ടിച്ചെടുത്തത്. കന്യാകുമാരിയിൽ റെയിൽവേ കരാർ പണികൾക്കായി ഓടിക്കൊണ്ടിരുന്ന ലോറിയായിരുന്നു ഇത്. കോട്ടയം മണിമല-ചാമംപതാൽ ഭാഗത്തെത്തിയപ്പോൾ ഇന്ധനം തീർന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ മണിമല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ മണിമല പൊലീസ് നടത്തിയ അന്വേഷണത്തിൽ ലോറി മോഷ്ടിച്ചതാണ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ലോറി മോഷ്ടിച്ചതാണെന്ന് പ്രതി പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തിലുളള സംഘമാണ് ഷിജിത്തിനെ അറസ്റ്റ് ചെയ്തത്.
STORY HIGHLIGHTS: A Thief was Arrested for Stolen Lorry from Tamil Nadu
- TAGS:
- Kottayam
- Tamil Nadu
- THEFT
- lorry