അവസാന ഓവറുകളില്‍ തകർത്തടിച്ച് സൂര്യയും നമാന്‍ ധിറും; മുംബൈയ്‌ക്കെതിരെ ഡല്‍ഹിക്ക് 181 റണ്‍സ് വിജയലക്ഷ്യം

അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 181 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടാന്‍ സാധിച്ചത്. അവസാന ഓവറുകളില്‍ സൂര്യകുമാർ യാദവ് -നമാന്‍ ധിര്‍ സഖ്യം നടത്തിയ വെടിക്കെട്ടാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. 43 പന്തില്‍ പുറത്താകാതെ 73 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. നാല് സിക്‌സും ഏഴ് ബൗണ്ടറിയുമാണ് സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

റണ്ണൊഴുകുന്ന വാങ്കഡെ പിച്ചിൽ താളം കണ്ടെത്താൻ പാടുപെടുന്ന മുംബൈ ബാറ്റർമാരെയാണ് ഇന്നുകണ്ടത്. തുടക്കത്തിൽ തന്നെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയെ മുംബൈയ്ക്ക് നഷ്ടപ്പെട്ടു. 5 പന്തുകളില്‍ അഞ്ച് റണ്‍സെടുത്ത രോഹിത്തിനെ മുസ്‌തഫിസുര്‍ റഹ്‌മാന്‍ പുറത്താക്കുകയായിരുന്നു. റയാൻ റിക്കൽട്ടൺ (18 പന്തിൽ 25) , വിൽ ജാക്ക്സ് (13 പന്തിൽ 21) എന്നിവർ പവർപ്ലേയിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മികച്ച തുടക്കം വലിയ സ്കോറുകളാക്കി മാറ്റുന്നതിന് മുമ്പ് ഇരുവരും പുറത്തായി. തിലക് വർമ്മ 27 പന്തിൽ 27 റൺസ് നേടിയപ്പോൾ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 6 പന്തിൽ നിന്ന് 3 റൺസ് മാത്രമാണ് നേടാനായത്.

നമൻ ധീർ 8 പന്തിൽ നിന്ന് പുറത്താകാതെ 24 റൺസ് നേടി അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു. സൂര്യകുമാർ യാദവിനൊപ്പം 21 പന്തിൽ 57 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടും പടുത്തുയർത്താനും നമാൻ ധിറിന് സാധിച്ചു. ഇന്നിംഗ്സിലെ അവസാന രണ്ടോവറുകളിലാണ് മുംബൈ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോറിലെത്താൻ സാധിച്ചത്. സൂര്യകുമാര്‍ യാദവും നമാന്‍ ധിറും 19-ാം ഓവറില്‍ മുകേഷ് കുമാറിനെതിരെ 27 റണ്‍സും, 20-ാം ഓവറില്‍ ദുഷ്‌മന്ത ചമീരയ്ക്കെതിരെ 21 റണ്‍സുമടിച്ചു.

Content Highlights: IPL 2025, MI vs DC: Mumbai Indians 180/5 (20 overs) vs Delhi Capitals

dot image
To advertise here,contact us
dot image