അർജുൻ്റെ ജീവനെടുത്ത അങ്കോലയിലെ എന്‍എച്ച്‌ 66; കേരളത്തിനും താക്കീതോ?

വേനലിൽ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയിൽ ഇതാണ് അവസ്ഥയെങ്കിൽ മഴക്കാലത്ത് എന്താകും സ്ഥിതിയെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്

dot image

കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെ നീളുന്ന ദേശീയപാതയാണ് എന്‍എച്ച്‌ 66. തിരുവനന്തപുരം മുക്കോല മുതൽ കാസർകോട് തലപ്പാടി വരെയാണ് പടിഞ്ഞാറൻ തീരത്തുകൂടി കേരളത്തിൽ ഈ ദേശീയപാത കടന്നുപോകുന്നത്. എന്‍എച്ച്‌ 66ൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതും ഇടുങ്ങിയതുമായ ഭാഗം കേരളത്തിലുടെയുള്ളതായിരുന്നു. ഈ 644 കിലോമീറ്റർ നീളത്തിന്റെ വീതികൂട്ടലും വികസനവുമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഏകദേശം 60 ശതമാനം പ്രവൃത്തികൾ പൂർത്തിയായപ്പോഴാണ് ദേശീയപാത പലയിടത്തായി ഇടിഞ്ഞുതുടങ്ങിയെന്ന വാർത്തകൾ വരുന്നത്. ആദ്യം ഇടിഞ്ഞത് മലപ്പുറം കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ്. ഇതുവഴി സഞ്ചരിച്ചിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. റോഡിലുടനീളം ചെറിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

തൊട്ടുപിന്നാലെ കേരളത്തിന്റെ പല ഭാഗങ്ങളിലും നിർമ്മാണം നടക്കുന്ന ദേശീയപാത തകർന്നു തുടങ്ങി. സമീപ ദിവസങ്ങളിൽ കനത്ത മഴ പെയ്തതോടെയാണ് പല ഭാഗങ്ങളിലും ഒന്നിച്ച് തകർന്നതെന്നാണ് ദേശീയപാതാ അതോറിറ്റി പറയുന്നത്. മലപ്പുറത്തിന് പുറമെ തൃശൂരും കാസർകോടും കണ്ണൂരും ദേശീയപാതയുടെ ഭാഗങ്ങൾ തകർന്നു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിൽ റോഡിൽ വിള്ളലും കണ്ടെത്തി. ചാവക്കാടും കാസർകോടും വലിയ വിള്ളലും മണ്ണിടിച്ചിലും ഉണ്ടായി.

നിർമ്മാണം കഴിയും മുൻപേ ഇടിഞ്ഞുതുടങ്ങുന്ന ദേശീയപാത 66 മലയാളികളെ ഓർമിപ്പിക്കുന്നത് മറ്റൊരു സംഭവത്തെയാണ്. ഇതേ ദേശീയപാതയുടെ മറ്റൊരു ഭാഗത്ത് മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോയ ഒരു മലയാളിക്ക് വേണ്ടി കേരളം മുഴുവൻ കാത്തിരുന്ന ആ ദിവസങ്ങൾ. മുഴുവൻ മലയാളികളുടെയും മനസ്സിൽ നോവായി അവശേഷിക്കുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് ജീവൻ നഷ്ടപ്പെട്ട ഷിരൂരിലെ ആ മണ്ണിടിച്ചിൽ.

കർണ്ണാടകയിലെ അങ്കോലയിലാണ് നിർമ്മാണം പൂർത്തിയാകും മുൻപ് കനത്ത മഴയിൽ എന്‍എച്ച്‌ 66ൽ മണ്ണിടിച്ചിലുണ്ടായത്. റോഡിന് ഒരു വശത്തുള്ള കുന്നിടിഞ്ഞ് വഴിയരികിൽ വിശ്രമിക്കുകയായിരുന്ന അർജുനെയും ലോറിയെയും കൊണ്ട് ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. പിന്നീട് അർജുന് വേണ്ടി നടന്ന തിരച്ചിൽ മലയാളി ഒരിക്കലും മറക്കില്ല. ഗംഗാവലിയുടെ ആഴങ്ങളിൽ നിന്ന് മാസങ്ങൾക്ക് ശേഷമാണ് അർജുന്റെ ശരീരഭാഗങ്ങൾ കണ്ടെത്താനായത്. അങ്കോലയിലെ ആ മണ്ണിടിച്ചിലുണ്ടായത് ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമാണെന്ന് തുടക്കം മുതൽ തന്നെ വ്യാപക വിമർശനങ്ങളുയർന്നിരുന്നു.

പിന്നീട് നടന്ന വിശദമായ പരിശോധനയിൽ കുന്ന് തുരന്നുള്ള അശാസ്ത്രീയമായ റോഡ് നിർമ്മാണം തന്നെയാണ് ഷിരൂർ ദുരന്തത്തിന് വഴിവെച്ചതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ദേശീയപാതയുടെ കൂടുതൽ ഭാഗങ്ങളിൽ നാശമുണ്ടാകാതിരിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്‍എച്ച്‌ 66 അന്ന് കവർന്നെടുത്തത് അർജുൻ ഉൾപ്പെടെ ഒമ്പത് പേരുടെ ജീവനാണ്. രണ്ട് പേരെക്കുറിച്ച് ഇന്നും വിവരമില്ലെന്നാണ് റിപ്പോർട്ടുകൾ.

സമാനമായ സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലും സംഭവിക്കുന്നത്. വയൽപ്രദേശത്തിന് അഭികാമ്യമായ നിർമ്മാണ രീതിയല്ല ദേശീയപാത ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വ്യാപക വിമർശനം ഉയരുന്നത്. പ്രദേശത്തിന്റെ ഘടന മനസ്സിലാക്കാതെ ഉയർന്ന തോതിൽ മണ്ണിട്ട് പൊക്കി നിർമ്മാണം നടത്തിയതാണ് വിള്ളലിനും തകർച്ചയ്ക്കും കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വയഡക്ട് രീതിയല്ലേ മലപ്പുറത്തെ കൂരിയാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വേണ്ടിയിരുന്നത് എന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്.

പ്രതിപക്ഷ കക്ഷികളും നാട്ടുകാരുമൊക്കെ അശാസ്ത്രീയ നിർമ്മാണം ആരോപിച്ച് വ്യാപക പ്രതിഷേധവുമായി രംഗത്തുണ്ട്. വേനലിൽ ലഭിക്കുന്ന ഒറ്റപ്പെട്ട മഴയിൽ ഇതാണ് അവസ്ഥയെങ്കിൽ മഴക്കാലത്ത് എന്താകും സ്ഥിതിയെന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. മണ്ണിട്ട് പൊക്കിയ വയൽ പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്നതോടെ അടിത്തട്ട് കൂടുതൽ ദുർബലമായേക്കും. അത് വലിയ അപകടങ്ങൾക്ക് വഴിവെക്കില്ലേ എന്നാണ് പ്രദേശവാസികളുൾപ്പെടെ ചോദിക്കുന്നത്. അർജുന്റെ ജീവനെടുത്ത ഷിരൂർ അപകടം ഉൾപ്പെടെ ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണം മൂലമുണ്ടാകുന്ന പല അപകടങ്ങളും കേരളത്തിനും താക്കീത് നൽകുന്നുണ്ട്.
Content Highlights: NH66 in Angola that took Arjun's life, Is it a warning for Kerala too?

dot image
To advertise here,contact us
dot image