
ജീവിത കാമനകളുടെ കമനീയ ശേഖരം
ഈ മോഹൻലാലുണ്ടല്ലോ,
ഇല്ല, ശരിക്കും അങ്ങനെ ഒരു മോഹൻലാലില്ല !
മോഹൻലാൽ എന്നത് ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു ഫാൻ്റസി കാഴ്ചയാണ്.
പെട്ടന്ന് മഴ പെയ്യുന്ന പോലെയോ, ഒരു പൂ വിടരുന്നതു പോലെയോ സംഭവിക്കുന്ന കാഴ്ച മാത്രമാണത്, മനുഷ്യനല്ല ! ഇന്നോളം മോഹൻലാലിന് പോലും അറിഞ്ഞുകൂടാത്ത ആ അത്ഭുതക്കാഴ്ചയാണ്, 'മോഹൻലാൽ ഇൻ ആൻഡ് ആസ്' എന്ന ആമുഖത്തോടെ നമ്മുടെ തീയേറ്ററിൽ വന്നു പോകാറുള്ളത്. അതിനായുള്ള കാത്തിരിപ്പുകളെ കടന്ന് സഞ്ചരിച്ചിട്ടില്ല ഇതുവരേയും നമ്മുടെ കൊമേഴ്സ്യൽ സിനിമ. അതുകൊണ്ടുതന്നെ അറുപത്തഞ്ചിലും എഴുപത്തഞ്ചിലുമെല്ലാം മലയാളിക്ക് മോഹൻലാലിനോട് പറയാൻ ഒറ്റ ഡയലോഗേ കാണൂ - കാത്തിരിപ്പിച്ചും കൊതിപ്പിച്ചും ഇങ്ങനേ തുടരൂ എന്ന്.
ഒറ്റരാത്രി കൊണ്ട് ഒരു ചേരി മുഴുവൻ ഒഴിപ്പിക്കുന്ന ജഗന്നാഥനെയോ, അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രരൂപവും ആവാഹിച്ച നരസിംഹങ്ങളെയോ, പുലിയെ അതിൻ്റെ മടയിൽ ചെന്നു കൊല്ലുന്ന മുരുകന്മാരെയോ, ഏതൊഴുക്കിനോടും മല്ലടിക്കാൻ കെല്പുള്ള മുള്ളൻകൊല്ലി വേലായുധന്മാരെയോ, കൂളിഗ് ഗ്ലാസ് വെച്ച് ഡബിൾ ബാരൽ ഗണ്ണിൽ സവാരി ഗിരിഗിരി നടത്തുന്ന രാവണന്മാരെയോ, മുണ്ടഴിച്ച് ചുഴറ്റുന്ന ആടുതോമയെയോ എഴുതില്ല ലാലിനെ എഴുതുന്ന കലാചരിത്രമൊന്നും എന്നെനിക്കറിയാം. പക്ഷേ കലയ്ക്ക് ബാധ്യതയായ ഈ ഏർപ്പെടുകളെല്ലാമാണ് ഇവിടുത്തെ സിനിമാ ഇൻഡസ്ട്രിയെ വളർത്തിയത്.
നാമിരുന്ന് കാഴ്ച കാണുന്ന ഈ പുതിയ തീയേറ്ററുണ്ടല്ലോ, അതീ ഇൻഡസ്ട്രിക്കൊപ്പം വളർന്നതാണ്. ഇതുവരെ കാണാത്ത നിറവും, ഇതുവരെ കേൾക്കാത്ത ശബ്ദവും നാം ഇവിടെയിരുന്നാണ് കേട്ടത്. നമുക്ക് കാണാൻ കോടികൾ മുടക്കുന്ന പ്രൊഡ്യൂസേഴ്സുണ്ടല്ലോ അവരും ഈ ഇൻഡസ്ട്രിക്കൊപ്പം വളർന്നതാണ്. നവോദയ അപ്പച്ചനിൽ നിന്ന് നവനിർമ്മാതാക്കളിലേക്ക് ഒരു നക്ഷത്ര വർഷത്തിൻ്റെ ദൂരമുണ്ട്. ആ കാലത്തെ മലയാള സിനിമ അടയാളപ്പെടുത്തുക ലാൽനൂറ്റാണ്ട് എന്നു തന്നെയാണ്. ഒരു ക്രാഷ് ലാൻഡിംഗിൻ്റെയും ആവശ്യമില്ലാതെ ആർക്കും സുരക്ഷിതമായി പറന്നിറങ്ങവുന്ന മോളിവുഡിൻ്റെ പുതിയ നക്ഷത്രപാത ആ നൂറ്റാണ്ടിൻ്റെ സംഭാവനയാണ്. നൂറു കോടിയെന്നും, ഇരുന്നൂറ് കോടിയെന്നും മലയാള സിനിമ കൂട്ടിവായിക്കാൻ പഠിച്ച കാലം. സങ്കല്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന ഒറ്റയോദ്ധാവേ മലയാള സിനിമക്കുള്ളൂ എന്നു പറയുന്നത് അതുകൊണ്ടാണ്, അത് മോഹൻലാലാണ്.
ഇതു പറയുമ്പോൾ ആയിരം കോടിയുടെ ആൾപ്പെരുപ്പമുള്ള ഒരു സുന്ദരപുരുഷൻ്റെ പേരാണ് എൻ്റെ മോഹൻലാൽ എന്നു കരുതരുത്. ലാലെനിക്ക് ഒരിമോഷണൽ ഡ്രാമയാണ്. രസമുള്ള ഒരു ജീവിതാവിഷ്കാരമാണ്. സകല ജീവിത കാമനകളുടെയും കമനീയ ശേഖരമാണ്. ലോകസിനിമയ്ക്ക് ചെക്കുവെക്കാൻ കെല്പുള്ള മലയാളിയുടെ തുരുപ്പുചീട്ട് അപ്പോഴും ഈ മനുഷ്യനാണ് എന്നു പറഞ്ഞുവെച്ചു എന്നേയുള്ളൂ.
മലയാള സിനിമയുടെ ജീവചരിത്രം ഒരു മണിരത്നം പടത്തിൻ്റെ ടൈറ്റിലാണ്, ഇരുവർ. ഇവരിരുവരിൽ ഒരാൾ ഇവിടെ വില്ലനും മറ്റേയാൾ നായകനുമാണ്. സിനിമയിലായാലും ജീവിതത്തിലായാലും അങ്ങനെ കഥയുണ്ടാക്കാനേ നമുക്കറിയൂ. രണ്ടു നായകന്മാരുടെ കഥ മടുപ്പിക്കാതെ എത്ര നേരമാണ് പറയാനൊക്കുക ! പരമ ബോറൻ കഥ പറയുന്ന ഒട്ടുമേ പുതുക്കാത്ത അക്കാദമിക് ബുദ്ധിജീവികളുടെ ക്ലാസ് മുറിയിൽ ഈ കഥ വന്നപ്പോഴൊക്കെയും ലാലായിരുന്നു വില്ലൻ. ഒട്ടുമേ അവർക്ക് മെരുങ്ങാത്ത ഒരാൾ. അവർ പിടിച്ച് പൊളിറ്റിക്കലി കറക്ടാക്കാൻ നോക്കിയപ്പോഴൊക്കെ അവരോട് 'ശംഭോ മഹാദേവ' എന്നു പറഞ്ഞയാൾ. പക്ഷേ അവർക്കുമുണ്ട് ഒരു മോഹൻലാൽ, ഹലോ മൈ ഡിയർ റോംഗ് നമ്പർ എന്ന് പ്രിയദർശൻ സിനിമയ്ക്ക് പേർ വിളിച്ച പോലെ അവരുടെ കപ്പ് ഓഫ് ടീയല്ലാത്ത ഒരമ്പലവാസി, തിരോന്തരം നായർ. പക്ഷേ ഈ ഹെയ്റ്റേഴ്സിനെയെല്ലാം നിസ്സാരമായി എലിമിനേറ്റ് ചെയ്ത് മോഹൻലാലിന് മുന്നോട്ട് പോകാൻ കഴിയുന്ന ഒരു ബിഗ്ബോസ് വീടാണ് കേരളം.
ഇരുവരിലൊരാൾ ഈദ് നമസ്കാരം ചെയ്യുന്ന പടം ആഘോഷപ്പടവും, മറ്റേയാൾ മാമാനിക്കുന്ന് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന പടം വിവാദ പടമാവുമാകുന്ന സെലക്ടീവ് മതേതരത്വത്തിൻ്റെ ക്ലാസ് മുറിക്ക് പുറത്താണ് മലയാള സിനിമ. അവിടെ മതമോ ജാതിയോ തൊട്ടുതീണ്ടാത്ത മഹാഭൂരിപക്ഷത്തിൻ്റെ ഒരു മോഹൻലാലുണ്ട്. ഈ പരിവാരമാണ് അയാളുടെ സംഘം. മറ്റൊരു വിധത്തിൽ ഏച്ചുകെട്ടാൻ നോക്കിയാൽ, കണ്ണിറുക്കി ചിരിച്ചു കൊണ്ട് ലാൽ പറയും : "മറ്റൊരു വിധത്തിൽ എന്നൊന്നില്ല, ഉള്ളത് ഇതാണ് !" എന്ന്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിക്കപ്പെട്ട ഇന്ത്യൻ അഭിനേതാക്കളിൽ ഒരാൾ മാത്രമേ ആ ചടങ്ങിൽ പങ്കെടുക്കാതിരുന്നിട്ടുള്ളൂ, മറക്കരുത് അതയാളാണ്. തിരുവനന്തപുരത്തിൻ്റെയോ, മാമാനിക്കുന്ന് മഹാദേവിയുടേയോ അല്ല - മലയാളത്തിൻ്റെ മോഹൻലാലാണ്.
ലാലേട്ടന്
ഹാപ്പി പിറന്നാൾ
Content Highlights: Lijeesh Kumar about Mohanlal