NSK ട്വന്റി 20 ചാംപ്യന്‍ഷിപ്പ്; പൂള്‍ ബിയില്‍ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തകർപ്പൻ സെഞ്ച്വറിയുമായി ടീമിനെ നയിച്ച ക്യാപ്റ്റൻ സച്ചിൻ സുരേഷിൻ്റെ ഇന്നിങ്സാണ് പാലക്കാടിന് അനായാസ വിജയമൊരുക്കിയത്

dot image

കേരള ക്രിക്കറ്റ് അസോസിയേഷന്റെ എന്‍ എസ് കെ ട്വന്റി 20 ചാംപ്യന്‍ഷിപ്പില്‍ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം. പൂള്‍ ബിയിലെ മത്സരത്തില്‍ പത്തനംതിട്ടയെ അഞ്ച് വിക്കറ്റിനാണ് പാലക്കാട് തോല്‍പ്പിച്ചത്. പൂള്‍ ബിയിലെ തന്നെ രണ്ടാമത്തെ മത്സരത്തില്‍ കണ്ണൂരിനെ തിരുവനന്തപുരം 34 റണ്‍സിനും പരാജയപ്പെടുത്തി.

തകർപ്പൻ സെഞ്ച്വറിയുമായി ടീമിനെ നയിച്ച ക്യാപ്റ്റൻ സച്ചിൻ സുരേഷിൻ്റെ ഇന്നിങ്സാണ് പത്തനംതിട്ടയ്ക്കെതിരെ പാലക്കാടിന് അനായാസ വിജയമൊരുക്കിയത്. പത്തനംതിട്ട ഉയർത്തിയ 188 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പാലക്കാട് 22 പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഓപണിങ് വിക്കറ്റിൽ സച്ചിൻ സുരേഷും വിഷ്ണു മേനോനും ചേർന്ന് 79 റൺസ് അടിച്ചെടുത്തു. 26 റൺസെടുത്ത വിഷ്ണു പുറത്തായെങ്കിലും മിന്നും ഫോമിൽ ബാറ്റ് വീശിയ സച്ചിൻ സുരേഷ് 52 പന്തുകളിൽ ഏഴ് ഫോറുകളും 13 സിക്സും 131 റൺസ് നേടി. പത്തനംതിട്ടയ്ക്ക് വേണ്ടി അനൂപ് ജി മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പത്തനംതിട്ട 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. 20 പന്തുകളിൽ 42 റൺസുമായി മികച്ച തുടക്കം സമ്മാനിച്ച എസ് സുബിനാണ് പത്തനംതിട്ടയുടെ ടോപ് സ്കോറർ. 26 റൺസെടുത്ത സോനു ജേക്കബ്ബും 30 റൺസെടുത്ത ആൽഫി ഫ്രാൻസസും 27 റൺസെടുത്ത മനു മോഹനനും പത്തനംതിട്ടയ്ക്ക് വേണ്ടി മികച്ചുനിന്നു. പാലക്കാടിന് വേണ്ടി അക്ഷയ് ടി കെ രണ്ട് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സച്ചിൻ സുരേഷ് ആണ് പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം മത്സരത്തിൽ കണ്ണൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത തിരുവനന്തപുരം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തു. അഭിഷേക് നായരും ഷോൺ റോജറും ചേർന്നുള്ള 165 റൺസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അഭിഷേക് നായർ 116 റൺസെടുത്തപ്പോൾ ഷോൺ റോജർ 79 റൺസ് റൺസ് നേടി. വെറും 62 പന്തുകളിൽ നാല് ഫോറും പത്ത് സിക്സും അടക്കമാണ് അഭിഷേക് 116 റൺസ് നേടിയത്. കണ്ണൂരിന് വേണ്ടി മുഹമ്മദ് നസീൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കണ്ണൂരിന് മഴയെ തുടർന്ന് വിജെഡി നിയമപ്രകാരം 19 ഓവറിൽ 204 റൺസായി വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. എന്നാൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. 33 പന്തുകളിൽ 50 റൺസെടുത്ത ശ്രീരൂപും 23 പന്തുകളിൽ 51 റൺസെടുത്ത അർജുൻ സുരേഷ് നമ്പ്യാരും മാത്രമാണ് കണ്ണൂർ ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ഒമർ അബൂബക്കർ 13 പന്തുകളിൽ 23 റൺസെടുത്തു. തിരുവനന്തപുരത്തിന് വേണ്ടി ഫാസിൽ ഫാനൂസ് മൂന്നും വിജയ് വിശ്വനാഥ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. തിരുവനന്തപുരത്തിന് വേണ്ടി സെഞ്ച്വറി നേടിയ അഭിഷേക് നായരാണ് കളിയിലെ താരം.

Content Highlights: Palakkad and Trivandrum won in NSK Trophy State T20 Championship

dot image
To advertise here,contact us
dot image