Top

​'ഗോധ്ര തീവെയ്പ്പ് ഒരു നിമിത്തം മാത്രം; ​ഗുജറാത്ത് കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തത് വിശ്വഹിന്ദു പരിഷത്ത്'; റിപ്പോർട്ട്

'1995-ൽ അധികാരത്തിൽ വന്നതുമുതൽ ബിജെപി പിന്തുടരുന്ന ഹിന്ദു ദേശീയവാദ അജണ്ടയുടെ ശില്പിയെന്ന നിലയിൽ മോദി വിഎച്ച്പിയുടെ പ്രത്യയശാസ്ത്ര പ്രചോദനത്തിൽ വിശ്വസിക്കുന്നയാളാണ്'

24 Jan 2023 8:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

​ഗോധ്ര തീവെയ്പ്പ് ഒരു നിമിത്തം മാത്രം; ​ഗുജറാത്ത് കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തത് വിശ്വഹിന്ദു പരിഷത്ത്; റിപ്പോർട്ട്
X

ന്യൂഡൽഹി: ​ഗുജറാത്ത് കലാപം ഹിന്ദു ദേശീയവാദ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് റിപ്പോർട്ട്. 'ദി കാരവന്' ലഭിച്ച ​ഗുജറാത്ത് കലാപത്തെക്കുറിച്ചുളള ബ്രിട്ടീഷ് സർക്കാരിന്റെ അന്വേഷണത്തിന്റെ പകർപ്പിലാണ് പുതിയ വെളിപ്പെടുത്തലുളളത്. കലാപത്തിന് ​ഗോധ്ര തീവെയ്പ്പ് ഒരു നിമിത്തം മാത്രമായിരുന്നു. ഫെബ്രുവരി 27 ന് ​ഗോധ്ര തീവെയ്പ് സംഭവിച്ചില്ലായിരുന്നുവെങ്കിൽ വിശ്വഹിന്ദു പരിഷത്ത് മറ്റൊന്ന് കണ്ടെത്തുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ആക്രമം നടത്തിയവർ മുസ്ലീം വീടുകളും ബിസിനസ്സുകളും ലക്ഷ്യമിട്ട് ഡിജിറ്റൽ പട്ടിക തയ്യാറാക്കിയതായി പൊലീസുമായി ബന്ധമുളളവർ സ്ഥിരീകരിച്ചു. മുസ്ലീം ഷെയർ ഹോൾഡിംഗ് ഉള്ള ബിസിനസുകൾ ഉൾപ്പെടെയുള്ളവയുടെ കൃത്യവും വിശദവുമായ ലിസ്റ്റ് സൂചിപ്പിക്കുന്നത് അവ മുൻകൂട്ടി തയ്യാറാക്കിയതാണെന്നാണ്. അന്നത്തെ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേരിട്ട് ഉത്തരവാ​ദിയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയാണ് വിഎച്ച്പിയും സഖ്യകക്ഷികളും പ്രവർത്തിച്ചത്. സംസ്ഥാന സർക്കാർ സൃഷ്ടിച്ച ശിക്ഷാരഹിതമായ കാലാവസ്ഥയില്ലാതെ അവർക്ക് ഇത്രയധികം നാശനഷ്ടങ്ങൾ വരുത്താൻ കഴിയുമായിരുന്നില്ല. മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഉത്തരവാദിയാണ്. 1995-ൽ അധികാരത്തിൽ വന്നതുമുതൽ ബിജെപി പിന്തുടരുന്ന ഹിന്ദു ദേശീയവാദ അജണ്ടയുടെ ശില്പിയെന്ന നിലയിൽ മോദി വിഎച്ച്പിയുടെ പ്രത്യയശാസ്ത്ര പ്രചോദനത്തിൽ വിശ്വസിക്കുന്നയാളാണ്,' റിപ്പോർട്ടിൽ പറയുന്നു.

മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്തതിൽ പൊലീസിന്റെ പങ്കാളിത്തവും റിപ്പോർട്ടിൽ പറയുന്നു. ​ഗുജറാത്തിൽ അന്ന് അരങ്ങേറിയ അക്രമത്തിന്റെ വ്യാപ്തിയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സമ്മർദം അവരുടെ പ്രതികരണത്തെ തടഞ്ഞുവെന്നും പൊലീസുമായി അടുത്ത വൃത്തങ്ങൾ പറയുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിബിസിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിക്കെതിരെ കേന്ദ്ര സർക്കാർ രം​ഗത്തെത്തിയതിന് പിന്നാലെയാണ് കാരവൻ റിപ്പോർട്ട് പുറത്തുവിട്ടത്.

STORY HIGHLIGHTS: UK report sayes VHP planned Gujarat violence in advance

Next Story