
റയൽ മാഡ്രിഡിന്റെ ഇതിഹാസ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ക്ലബ് വിടാനൊരുങ്ങുന്നു. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് ശേഷം ലാ ലിഗ ക്ലബ്ബിലെ തന്റെ ട്രോഫി നിറഞ്ഞ കരിയർ അവസാനിപ്പിക്കുമെന്ന് 39 കാരനായ ക്രൊയേഷ്യൻ താരം സ്ഥിരീകരിച്ചു. 2018 ലെ ബാലൺ ഡി ഓർ ജേതാവും ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരനുമായ മോഡ്രിച്ച് 2012 ലാണ് ലോസ് ബ്ലാങ്കോസിൽ ചേരുന്നത്. അതിനുശേഷം ഏകദേശം 600 മത്സരങ്ങൾ കളിച്ചു, ആറ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടെ 30 പ്രധാന ട്രോഫികൾ നേടി.
അടുത്ത മാസം നടക്കുന്ന ക്ലബ് വേൾഡ് കപ്പ് കാമ്പെയ്‌നിന് മുമ്പ്, റയൽ മാഡ്രിഡ് ഈ സീസണിലെ അവസാന ലാ ലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിടുമ്പോഴാണ് സാന്റിയാഗോ ബെർണബുവിൽ മോഡ്രിച്ചിന്റെ വിടവാങ്ങൽ.
ആരാധകർക്കുള്ള ഹൃദയംഗമമായ സന്ദേശത്തിൽ മോഡ്രിച്ച് ഇങ്ങനെ എഴുതി; പ്രിയപ്പെട്ട മാഡ്രിഡ് ആരാധകരേ, സാമ്യയായിരുന്നു. ഞാൻ ഒരിക്കലും വരാൻ ആഗ്രഹിക്കാത്ത നിമിഷം, പക്ഷേ ഇത് ഫുട്ബോളാണ്, ജീവിതത്തിൽ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്… ശനിയാഴ്ച ഞാൻ സാന്റിയാഗോ ബെർണബുവിൽ എന്റെ അവസാന മത്സരം കളിക്കും.
ടോട്ടൻഹാം ഹോട്‌സ്പറിൽ നിന്ന് സ്പാനിഷ് തലസ്ഥാനത്തേക്കുള്ള തന്റെ യാത്രയെക്കുറിച്ചും മോഡ്രിച്ച് കൂട്ടിച്ചേർത്തു. 'ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെ ജഴ്‌സി ധരിക്കാനുള്ള ആഗ്രഹത്തോടെയും വലിയ കാര്യങ്ങൾ ചെയ്യാനുള്ള അഭിലാഷത്തോടെയുമാണ് ഞാൻ 2012 ൽ എത്തിയത്, പക്ഷേ അടുത്തതായി എന്ത് സംഭവിക്കുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല. റയൽ മാഡ്രിഡിൽ കളിക്കുന്നത് ഒരു ഫുട്ബോൾ കളിക്കാരൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും എന്റെ ജീവിതം മാറ്റിമറിച്ചു'. മോഡ്രിച്ച് കുറിച്ചു.
Content Highlights: Luka Modric to leave Real Madrid after Club World Cup