
അബുദാബി: യുഎഇയില്‍ താപനില ഉയരുന്നതായി റിപ്പോര്‍ട്ട്. നിലിവില്‍ യുഎഇയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തിരിക്കുകയാണ്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പനുസരിച്ച് രാജ്യത്ത് ഇനിയും ചൂടേറുമെന്നാണ് വിവരം.
49.3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയർന്ന താപനില. അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലെ ബദാ ദഫാസിലാണ് ഈ താപനില രേഖപ്പെടുത്തിയത്. രാജ്യത്ത് പല സ്ഥലങ്ങളിലും 45 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു പരമാവധി താപനില രേഖപ്പെടുത്തിയത്. പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥക്കൊപ്പം ശക്തമായ കാറ്റും വീശുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും ചില സമയത്ത് 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights- UAE heats up; temperature nears 50 degrees Celsius, report says