ഹണിമൂണ്‍ വന്ന വഴി അറിയണോ? തേനും ചന്ദ്രനുമായി അഞ്ചാം നൂറ്റാണ്ടില്‍ തുടങ്ങിയ ഒരു ബന്ധമുണ്ടേ…

ഹണിമൂണ്‍ എന്ന വാക്കിന് തേനും ചന്ദ്രനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്.

dot image

വിവാഹത്തിന് തൊട്ടുപിന്നാലെ നവദമ്പതികള്‍ എവിടെയെങ്കിലും കുറച്ച് ദിവസത്തേക്ക് യാത്ര പോവുകയോ, കുറച്ച് നാള്‍ അവധിക്കാലം പോലെ ചിലവഴിക്കുകയോ ചെയ്യാറുണ്ട്. നാടും വീടും ഭാഷയും സംസ്‌കാരാവുമെല്ലാം മാറിയാലും വിവാഹത്തിന് ശേഷമുള്ള ഈ പതിവ് വലിയ മാറ്റമില്ലാതെ തുടരുന്നുണ്ട്.

ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം കൂടുതല്‍ ആഴത്തില്‍ മനസിലാക്കാനും, മറ്റ് ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറി സന്തോഷപൂര്‍വം ആദ്യ നാളുകള്‍ ചിലവിടാനുമാണ് ഈ ദിവസങ്ങള്‍ നീക്കിവെക്കപ്പെടുന്നത്. വിവാഹശേഷമുള്ള ഈ ആദ്യ യാത്രയെ/നാളുകളെ ഹണിമൂണ്‍ എന്നാണ് പൊതുവെ വിളിക്കുന്നത്.

ഹണിമൂണ്‍ എന്ന വാക്കിന് തേനും ചന്ദ്രനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. എങ്ങനെയാണ് ഈ വാക്ക് ഉണ്ടായി വന്നതെന്ന സംശയം ഒരിക്കലെങ്കിലും തോന്നാത്തവര്‍ ചുരുക്കമായിരിക്കും.

അഞ്ചാം നൂറ്റാണ്ട് മുതലാണ് ഈ രീതിയില്‍ പദപ്രയോഗം നിലവില്‍ വന്നതെന്നാണ് കരുതപ്പെടുന്നത്. വിവാഹം കഴിഞ്ഞുള്ള ആദ്യ മാസം ഏറെ മധുരകരമായിരിക്കും എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഉപയോഗിച്ച് തുടങ്ങിയത്. ഹണി - തേന്‍ മധുരത്തെ പ്രതിനിധീകരിക്കുന്നു. ചന്ദ്രഗ്രഹണം അടിസ്ഥാനമാക്കിയുള്ള കലണ്ടറായിരുന്നു അക്കാലത്ത് ചിലയിടങ്ങളില്‍ നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് മൂണ്‍ അഥവാ ചന്ദ്രന്‍ മാസത്തെയാണ് സൂചിപ്പിക്കുന്നത്. തേന്‍ പോലെ മധുരം നിറഞ്ഞ ആദ്യ നാളുകള്‍ എന്നാണ് ഹണിമൂണ്‍ അര്‍ത്ഥമാക്കുന്നത്.

പണ്ട് ബാബിലോണിയയില്‍ തേന്‍ ഉപയോഗിച്ചുണ്ടാക്കുന്ന മീഡ് എന്ന പ്രത്യേകതരം മദ്യം വധൂവരന്മാര്‍ക്ക് നല്‍കുമായിരുന്നു. ഏകദേശം ഒരു മാസത്തേക്കുള്ള അത്രയും അളവായിരുന്നു ഇവര്‍ക്ക് സമ്മാനമായി നല്‍കാറുള്ളത്. ലൈംഗിക ഉത്തേജനം തോന്നാനും പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാനും കൂടിയായിരുന്നു ഇത് നല്‍കിയിരുന്നത്.

വിവാഹജീവിതത്തിന്റെ ആദ്യ നാളുകള്‍ എല്ലാം മറന്ന് സന്തോഷത്തോടെ ഇരിക്കുക എന്ന ഉപദേശം കൂടി ഇവര്‍ നല്‍കുമായിരുന്നു. ഈ മീഡ് കുടിച്ച് ആനന്ദിച്ച് ആഘോഷിക്കുന്ന ആദ്യ മാസം എന്ന നിലയിലാണ് ഹണിമൂണ്‍ എന്ന പദം ആദ്യം ഉപയോഗിച്ച് തുടങ്ങിയതെന്നും പറയപ്പെടുന്നു.

Content Highlights: What does Honeymoon mean and what is it's origin

dot image
To advertise here,contact us
dot image