
ലഖ്‌നൗ: പാകിസ്താൻ വിസ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം തട്ടിയതിന് പാകിസ്താൻ എംബസി ജീവനക്കാരൻ മുഹമ്മദ് മുസമ്മിൽ ഹുസൈനുമായി അടുത്ത ബന്ധമുള്ള മുഹമ്മദ് ഹാരൂണിനെ ഉത്തർപ്രദേശ് പോലീസിൻ്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ മുസമ്മിൽ ഹുസൈനെ നേരത്തെ സർക്കാർ അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിച്ച് രാജ്യം വിടാൻ ഉത്തരവിട്ടിരുന്നു. ഡൽഹി ഉൾപ്പെടെ നിരവധി പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഹാരൂൺ മുഹമ്മദ് മുസമ്മിൽ ഹുസൈനുമായി പങ്കിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് വാരാണസിയിൽ നിന്ന് തുഫൈൽ എന്നൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പാകിസ്താനുമായി തുഫൈൽ പങ്കുവെച്ചിരുന്നതായാണ് അധികൃതർ പറയുന്നത്.
രാജ്ഘട്ട്, നമോ ഘട്ട്, ഗ്യാൻവാപി, റെയിൽവേ സ്റ്റേഷൻ, ചെങ്കോട്ട എന്നിവയുടെ ചിത്രങ്ങൾ പാകിസ്ഥാൻ സ്വദേശികൾക്ക് തുഫൈൽ അയച്ചുകൊടുത്തതായാണ് ആരോപണം. പാകിസ്താൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ലിങ്കുകൾ തുഫൈൽ വാരാണസിയിൽ പങ്കുവെച്ചിരുന്നുവെന്നും അതുവഴി ആളുകൾക്ക് പാകിസ്താനിലുള്ളവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുമായിരുന്നു എന്നുമാണ് റിപ്പോർട്ട്. പാകിസ്താൻ സൈനികൻ്റെ ഭാര്യയായ നഫീസ എന്ന സ്ത്രീ ഉൾപ്പെടെ 600 ഓളം പാകിസ്ഥാനികളുമായി അയാൾ ബന്ധം സ്ഥാപിച്ചിരുന്നു.
'തെഹ്‌രീക്-ഇ-ലബ്ബൈക്' എന്ന ഭീകര സംഘടനയുടെ നേതാവ് മൗലാന ഷാദ് റിസ്‌വിയുടെ വീഡിയോകൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിട്ടതിനും ഇയാൾക്കെതിരെ കേസുണ്ട്. ബാബറി മസ്ജിദ് വിഷയത്തിൽ പ്രതികാരം ചെയ്യുന്നതും ശരിയത്ത് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളും അദ്ദേഹം പങ്കിട്ടതായും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: Spies arrested again in Uttar Pradesh