
ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ഭയപ്പെടുത്തിയ ചിത്രമായിരുന്നു ഹോളിവുഡ് സിനിമയായ 'ഫൈനൽ ഡെസ്റ്റിനേഷൻ'. ഒരു ഹൊറർ ഫ്രാൻഞ്ചൈസ് ആയി ഒരുങ്ങിയ സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയത് ആറ് സിനിമകളാണ്. 2000 ലാണ് ആദ്യത്തെ ഫൈനൽ ഡെസ്റ്റിനേഷൻ സിനിമ പുറത്തിറങ്ങുന്നത്. തുടർന്നെത്തിയ സിനിമകളൊക്കെ വലിയ വിജയങ്ങളായിരുന്നു. ഈ ഫ്രാൻഞ്ചൈസിലെ ഏഴാമത്തെ ചിത്രമായ 'ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലഡ്‌ലൈന്‍സ്' ഇപ്പോൾ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ലഭിക്കുന്നത്.
റിലീസ് ചെയ്ത് ആറ് ദിവസങ്ങൾ കഴിയുമ്പോൾ ഇന്ത്യയിൽ നിന്ന് 28.05 കോടി സിനിമ നേടിയതായാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനം 4.35 കോടി നേടിയ സിനിമ രണ്ടാം ദിവസം 5.10 കോടി വാരിക്കൂട്ടി. മികച്ച അഭിപ്രായമാണ് ഇന്ത്യയിൽ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രം 50 കോടിയോളം ഇന്ത്യയിൽ നിന്ന് ഫൈനൽ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഈ ഫ്രാൻഞ്ചൈസിലെ മറ്റു സിനിമകളെ പോലെ തന്നെ ഹൊററും സസ്‌പെൻസും നിറയെ വയലൻസും ചേർന്നതാണ് പുതിയ സിനിമയുമെന്നാണ് റിവ്യൂസ്.
സാക്ക് ലിപോവ്സ്കി, ആദം സ്റ്റെയിൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗയ് ബുസിക്ക്, ലോറി ഇവാൻസ് ടെയ്‌ലർ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെയ്റ്റ്ലിൻ സാന്താ ജുവാന, ടിയോ ബ്രിയോൺസ്, റിച്ചാർഡ് ഹാർമോൺ, ഓവൻ പാട്രിക് ജോയിൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ടോം ക്രൂസ് ചിത്രമായ മിഷൻ ഇമ്പോസിബിളിന്റെ റിലീസ് കാരണം ഫൈനൽ ഡെസ്റ്റിനേഷന് ഇന്ത്യയിൽ ഐമാക്സ് സ്ക്രീനുകൾ ലഭിച്ചിരുന്നില്ല.
Content Highlights: Final destination bloodlines india box office collection